'ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കണം': ഫ്ളോറിഡയിലെ വസതിയുടെ മതിൽ ചാടിയ യുവാവ് അറസ്റ്റിൽ
ഫ്ളോറിഡയിലെ പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാര്‍ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരക്കുട്ടി കായ് മാഡിസണ്‍ ട്രംപിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയുടെ മതില്‍ ചാടിക്കടന്ന യുവാവ് അറസ്റ്റില്‍.
ടെക്സസില്‍ നിന്നുള്ള 23കാരനായ തോമസ് റെയ്‌സാണ് അറസ്റ്റിലായത്. യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമാരാണ് ഇദ്ദേഹത്തെ പിടികൂടുന്നത്. അതിക്രമിച്ചു കയറി എന്നതാണ് അദ്ദേഹത്തിനെതിരായ കുറ്റം. അതേസമയം സംഭവം നടക്കുമ്പോള്‍ ട്രംപ് സ്ഥലത്ത് ഇല്ലായിരുന്നു.
ഫ്ളോറിഡയിലെ പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാര്‍ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്. പിടിക്കപ്പെട്ടതിനു പിന്നാലെ ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന യുവാവ് സീക്രട്ട് സര്‍വീസ് ഏജന്റുമാരോട് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഡിസംബറിലും റെയ്‌സ്, ഇതുപോലെ ട്രംപിന്റെ ആഡംബര വസതികളിലൊന്നായ മാര്‍ എ ലാഗോയില്‍ അതിക്രമിച്ചുകയറിയതിനെത്തുടര്‍ന്ന് പിടിക്കപ്പെട്ടിരുന്നുവെന്ന് പാം ബീച്ച് പൊലീസ് വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെയും വനേസ ട്രംപിന്റെയും മകളാണ് കായ് മാഡിസണ്‍ ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ജൂലൈ 13ന് ട്രംപിനെതിരെ നടന്ന വധശ്രമത്തിന് ശേഷം സീക്രട്ട് സർവീസ് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.