കോൺഗ്രസോ ബിജെപിയോ, അസം ആർക്കൊപ്പം?
പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍
അസമില്‍ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. മാര്‍ച്ച് 27നാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിനും അവസാന ഘട്ടം ഏപ്രില്‍ ആറിനും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. സംസ്ഥാനത്തെ 126 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 47 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ 39 ഉം മൂന്നാം ഘട്ടത്തില്‍ 40ഉം മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലെത്തും.
പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍
സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. അഞ്ചു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അധികാരം നിലനിര്‍ത്താനാകുമെന്ന വിശ്വാസത്തില്‍ ബിജെപിയും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പ്രകടനം ആവര്‍ത്തിക്കാമെന്ന് തന്നെയാണ് ഭരണകക്ഷിയുടെ കണക്കുകൂട്ടല്‍. 14 സീറ്റില്‍ ഒമ്പതിടത്തും ബിജെപി-എജിപി-ബിപിഎഫ് സഖ്യമാണ് വിജയിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ മൂന്നിടത്തും എഐയുഡിഎഫ് ഒരിടത്തും വിജയിച്ചു. ഒരിടത്ത് ജയിച്ചത് സ്വതന്ത്രനാണ്. ലോക്‌സഭയിലെ വോട്ടിങ് പ്രകാരം 67 മണ്ഡലങ്ങളില്‍ ബിജെപിക്കാണ് മേല്‍ക്കൈ. 26 സീറ്റില്‍ കോണ്‍ഗ്രസും.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമം ഏറ്റവും കൂടുതല്‍ പ്രചാരണത്തില്‍ മുഴങ്ങിക്കേട്ടത് അസമിലാണ്. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് സിഎഎ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസും. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ കേന്ദ്രത്തിന്റെ പാവയാണ് എന്ന വിമര്‍ശനവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു.
2016ലെ കക്ഷി നില
126 സീറ്റില്‍ 60 ഇടത്താണ് ബിജെപി ജയിച്ചത്. കോണ്‍ഗ്രസ് 26 സീറ്റു നേടി. അസം ഗണപരിഷത്ത് 14 സീറ്റിലും ബോഡോലാന്‍ഡ് പീപ്പ്ള്‍സ് ഫ്രണ്ട് 12 സീറ്റിലും വിജയിച്ചു. ബദറുദ്ദീന്‍ അജ്മലിന്റെ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 13 സീറ്റു നേടി.
2001 മുതല്‍ അധികാരത്തിലിരുന്ന തരുണ്‍ ഗൊഗോയ് സര്‍ക്കാറിനെ തറപറ്റിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. മൂന്നു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് ബിജെപിക്കുണ്ടായിരുന്നത്. മുന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് 55 സീറ്റുകളുടെ വര്‍ധനയാണ് ബിജെപിക്കുണ്ടായത്. കോണ്‍ഗ്രസിന് 53 സീറ്റുകളുടെ കുറവും.