30 വയസ്സ്, 500 കോടിയുടെ ആസ്തി; അച്ഛന്‍റെ സാമ്രാജ്യം കാക്കാൻ ഇഷ അംബാനി

യു.എസിലെ പ്രശസ്തമായ യേൽ സർവകലാശാലയില്‍ നിന്ന് മനശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇഷ സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും പൂര്‍ത്തിയാക്കി

Update: 2022-06-29 15:37 GMT
Advertising

മുംബൈ: റിലയൻസ് ഗ്രൂപ്പിന്‍‌റെ റീട്ടെയിൽ യൂണിറ്റിന്‍റെ നേതൃപദവിയിലേക്ക് അംബാനി തലമുറയിലെ ഇളമുറക്കാരി ഇഷ അംബാനി എത്തുന്നു. റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം മുകേഷ് അംബാനി രാജിവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ മകൾ പുതിയ പദവിയിലേക്ക് നിയമിതയാകുന്നത്. നിലവിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്‍റെ ഡയറക്ടറാണ് ഇഷ.

ചൊവ്വാഴ്ച ഇഷയുടെ ഇരട്ട സഹോദരൻ ആകാശ് അംബാനി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്‍റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ജിയോ. കഴിഞ്ഞ വർഷം നടന്ന കമ്പനി വാർഷിക പൊതുയോഗത്തിൽ റിലയന്‍സ് ഗ്രൂപ്പിൽ മക്കൾക്ക് നിർണായക സ്ഥാനങ്ങൾ നല്‍കുമെന്ന് മുകേഷ് അംബാനി സൂചന നൽകിയിരുന്നു. റിലയൻസിൽ മെറ്റ പ്ലാറ്റ്‌ഫോം നടത്തുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇരുവരും ഭാഗഭവാക്കായിരുന്നു.

യു.എസിലെ യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള ബിരുദധാരിയാണ് മുപ്പതുകാരിയായ ഇഷ. സ്റ്റാൻഫോഡ് ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. ഇഷക്ക് പുറമേ ഇരട്ടസഹോദരനായ ആകാശും 27കാരനായ ആനന്ദുമാണ് അംബാനിയുടെ മക്കള്‍.

റിലയൻസ് ഇൻഡസ്ട്രീസിലെ നിർണായക സ്ഥാനങ്ങൾ ഒഴിഞ്ഞ് തർക്കങ്ങളില്ലാതെ തലമുറമാറ്റം സാധ്യമാക്കാനാണ് അംബാനി ശ്രമിക്കുന്നതെന്ന് നേരത്തെ ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ബംഗ്ലാദേശ് ആസ്ഥാനമായ വാൾട്ടൺ അടക്കമുള്ള കോർപറേറ്റുകൾ എങ്ങനെയാണ് അധികാരക്കൈമാറ്റം നടത്തുന്നത് എന്നതു സംബന്ധിച്ച് അംബാനി പഠനം നടത്തിയതായും മുന്‍പ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇഷ അംബാനിയെക്കുറിച്ചറിയാം...

  • യു.എസിലെ പ്രശസ്തമായ യേൽ സർവകലാശാലയിലാണ് ഇഷ അംബാനി തന്‍റെ ബിരുദ പഠനം നടത്തിയത്. മനഃശാസ്ത്രത്തില്‍ ബിരുദമെടുത്ത ഇഷ തുടർന്ന് സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എ ചെയ്തു. പഠനം പൂര്‍ത്തിയാക്കിയ ശേഷം യുഎസിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് അവർ മക്കിൻസി ആൻഡ് കമ്പനിയിൽ ബിസിനസ് അനലിസ്റ്റായി കുറച്ചുകാലം ജോലി ചെയ്തു.
  • പിരാമൽ ഗ്രൂപ്പിന്‍റെ ഉടമസ്ഥരായ അജയ്-സ്വാതി പിരാമല്‍ ദമ്പതികളുടെ മകൻ ആനന്ദ് പിരാമലിനെയാണ് ഇഷ അംബാനി വിവാഹം കഴിച്ചത്. ഇഷയുടെ ഇരട്ട സഹോദരൻ ആകാശ് അംബാനി ജിയോ ചെയർമാനായി മാറിയതിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബത്തിന്‍റെ തലമുറമാറ്റത്തെ വളരെ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത് .
  • 2008-ൽ പുറത്തുവന്ന ഫോർബ്‌സിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇഷക്ക് 471 കോടി രൂപയുടെ ആസ്തിയുണ്ട്.
  • 2015 ഡിസംബറിലെ ഒരു കൊമേഴ്ഷ്യല്‍ ലോഞ്ചിനിടയിലാണ് ഇഷയും ഇരട്ട സഹോദരൻ ആകാശ് അംബാനിയും ബ്രാൻഡ് അംബാസഡർ ഷാരൂഖ് ഖാന്‍റെ സാന്നിധ്യത്തില്‍ ജിയോ 4G സേവനങ്ങൾ അവതരിപ്പിച്ചത്.
  • 2016 ലെ ലാക്‌മെ ഫാഷൻ വീക്കിൽ, റിലയൻസ് റീട്ടെയിലിന്‍റെ ഉപസ്ഥാപനമായ അജിയോ എന്ന ഓൺലൈൻ ഫാഷൻ റീട്ടെയിലർ ഇഷ ലോഞ്ച് ചെയ്തു

ആകാശ് അംബാനിയെക്കുറിച്ചറിയാം...

  • ബ്രൗൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ആകാശ് അംബാനി 2020ല്‍ ശ്ലോക മേത്തയെ വിവാഹം കഴിച്ചു. ആകാശ്-ശ്ലോക മേത്ത ദമ്പതികള്‍ക്ക് പൃഥ്വി എന്ന മകനുമുണ്ട്.
  • റിലയൻസ് ജിയോ ഇൻഫോകോമിന്‍റെ ചെയർമാനായുള്ള ആകാശിന്‍റെ സ്ഥാനക്കയറ്റം ജിയോയുടെ ഡിജിറ്റൽ സേവനത്തിന് പിന്നിലെ പരിശ്രമത്തിന്‍റെ അംഗീകാരമാണെന്നാണ് ബോർഡ് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിയോ ഡിജിറ്റൽ മേഖലയിൽ നടത്തിയ പ്രധാന കുതിപ്പുകള്‍ക്കെല്ലാം പിന്നില്‍ ആകാശ് അംബാനിയാണ്.
  • 2017-ൽ പുറത്തിറക്കിയ ജിയോഫോണിന്‍റെ പിന്നിലും ആകാശ് അംബാനി വലിയ പങ്കുവഹിച്ചെന്ന് കമ്പനി അവകാശപ്പെടുന്നു.
  • മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ആകാശ് അംബാനി. ഇഷ അംബാനിയും ആകാശ് അംബാനിയും ഇരട്ട സഹോദരങ്ങളാണ്.  27 കാരനായ ആനന്ദ് അംബാനി റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെയും ജിയോ പ്ലാറ്റ്ഫോമുകളുടെയും ഡയറക്ടറാണ്.
Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News