മെസി ഇന്റര്‍മിലാനിലേക്ക്?
ഫിഫ ഏജന്റ് അലെസോ സുന്ദാസാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസിയും ഇറ്റാലിയന്‍ സീരി എയിലേക്കെത്തുമെന്ന് പറഞ്ഞത്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലയണല്‍ മെസി ബാഴ്‌സലോണ വിടുന്നുവെന്ന വാര്‍ത്ത വന്നു പോകാറുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വമ്പന്‍ ക്ലബുകളില്‍ പലതും മെസിക്ക് പിന്നിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മെസി ഇറ്റാലിയന്‍ ലീഗില്‍ കളിച്ചേക്കുമെന്നും ഇന്റര്‍മിലാനിലേക്കാണ് പോകുന്നതെന്നുമുള്ള സൂചനകള്‍ വരുന്നത്. ഫിഫ ഏജന്റ് അലെസോ സുന്ദാസാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസിയും ഇറ്റാലിയന്‍ സീരി എയിലേക്കെത്തുമെന്ന് പറഞ്ഞത്.
റയല്‍മാഡ്രിഡില്‍ നിന്നും യുവന്റസിലേക്കുള്ളക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റം തന്നെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇറ്റാലിയന്‍ ലീഗിലേക്ക് മെസിയെ റൊണാള്‍ഡോ ലാ ഗസെറ്റ ഡെല്ലോ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിനിടെ ക്ഷണിച്ചിരുന്നു.
'ഇംഗ്ലണ്ട്, സ്‌പെയിന്‍ ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ ക്ലബുകളിലും ദേശീയ ടീമിനുവേണ്ടിയും ഞാന്‍ കളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മെസി സ്‌പെയിനില്‍ തന്നെയായിരുന്നു. ഭാവിയില്‍ മെസി ഇറ്റലിയിലേക്ക് വരികയാണെങ്കില്‍ സന്തോഷമേയുള്ളൂ. എന്റെ വെല്ലുവിളി അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഇനിയൊരുപക്ഷേ അദ്ദേഹം സ്‌പെയിനില്‍ തൃപ്തനാണെങ്കില്‍ അതും ഞാന്‍ ബഹുമാനിക്കുന്നു. ഗംഭീര ഫുട്‌ബോള്‍ താരമാണ് അദ്ദേഹം. പക്ഷേ എനിക്കിവിടെ ഒരു നഷ്ടബോധവുമില്ല. പുതിയ ജീവിതത്തിലും ക്ലബിലും ഞാന്‍ സന്തോഷവാനാണ്' എന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.
റൊണാള്‍ഡോ യുവന്റസിലെത്തിയ സ്ഥിതിക്ക് ഇനി എന്തും സംഭവിക്കാമെന്നാണ് ഫിഫ ഏജന്റ് സുന്ദാസ് പറയുന്നത്. യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയ സ്ഥിതിക്ക് ഇന്റര്‍മിലാന്‍ മെസിക്കായി ശ്രമിക്കും. അവര്‍ക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബാഴ്‌സലോണയാണെന്നായിരുന്നു സുന്ദാസിന്റെ പ്രതികരണം. ബാഴ്‌സലോണ ജനറല്‍ മാനേജര്‍ പെപ് സെഗുറയുമായും മെസിയുടെ പിതാവുമായും കൂടുമാറ്റത്തെക്കുറിച്ച് സുന്ദാസ് സംസാരിച്ചിട്ടുണ്ട്. പക്ഷേ അപ്പോള്‍ നാപ്പോളിയായിരുന്നു മനസിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് ഇന്റര്‍മിലാനായെന്ന് മാത്രം.