കുവൈത്തിൽ ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി

Update: 2018-05-26 12:59 GMT
Editor : Sithara
കുവൈത്തിൽ ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി

എമര്‍ജന്‍സി ഇൻസ്‌പെക്ഷൻ ടീം നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

Full View

കുവൈത്തിൽ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിലും ബകാലകളിലും മുൻസിപ്പാലിറ്റി പരിശോധന ശക്തമാക്കി. എമര്‍ജന്‍സി ഇൻസ്‌പെക്ഷൻ ടീം നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. നിയമം പാലിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബലദിയ അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്ച കുവൈത്ത് സിറ്റിയിലെ വിവിധ റെസ്റ്റോറന്റുകളിൽ മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വിഭാഗം ഇൻസ്‌പെക്ഷൻ കാമ്പയിൻ സജീവമാക്കിയത്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ നിയമലംഘനം കണ്ടെത്തിയ 11 സ്ഥാപനങ്ങൾ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. എമര്‍ജന്‍സി ടീം നടത്തിയ പരിശോധനയില്‍ മൊത്തം 85 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അനുമതിയില്ലാത്ത പരസ്യ ബോര്‍ഡുകൾ സ്ഥാപിച്ചതിനു 43 കേസുകളും ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും വഴി തടസ്സപ്പെടുത്തുകയും ചെയ്തതിനു 42 കേസുകളും രജിസ്റ്റർ ചെയ്തു.

അഹ്മദി ഗവർണറേറ്റില്‍ 84 കടകള്‍ നിയമം ലംഘിച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി കണ്ടെത്തി. മുനിസിപ്പാലിറ്റിയുടെ അനുമതി പത്രം ഇല്ലാതെ പ്രവർത്തിച്ചിരുന്ന 10 സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു. ബലി പെരുന്നാളിന് മുന്നോടിയായി രാജ്യത്തെ ആറ് ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കുമെന്നും ബലദിയ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News