കുവൈത്തിൽ പൊതുടെണ്ടര്‍ നിയമത്തില്‍ ഭേദഗതിക്ക് പാര്‍ലമെന്‍റ് അനുമതി
വിദേശ കമ്പനികളെ സർക്കാർ ടെണ്ടറുകളിൽ നേരിട്ട് പങ്കെടുക്കാനും കരാര്‍ സ്വന്തമാക്കാനും ഭേദഗതി അനുവദിക്കും. കുറഞ്ഞ തുകക്ക് ടെണ്ടർ നല്കിയ രണ്ടാമത്തെ കമ്പനിക്ക് കൂടുതല്‍ സാങ്കേതിക യോഗ്യതയുണ്ടെങ്കിൽ പ്രസ്തുത കമ്പനിയെ കരാർ എല്‍പിക്കാമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
കുവൈത്തിൽ പൊതുടെണ്ടര്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് പാര്‍ലമെന്‍റ് അനുമതി നല്കി. ഭേദഗതി പ്രകാരം സര്‍ക്കാര്‍ ടെണ്ടറുകളില്‍ വിദേശകമ്പനികള്‍ക്ക് നേരിട്ട് പങ്കെടുക്കാം. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ഭേദഗതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് .
സര്‍ക്കാര്‍ ടെണ്ടറുകളില്‍ വിദേശകമ്പനികള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള സുപ്രധാന ഭേദഗതികൾക്കാണ് കഴിഞ്ഞ ദിവസം ചേർന്ന നാഷണൽ അസംബ്ലി അംഗീകാരം നല്‍കിയത്. നിലവിലെ പൊതുടെണ്ടര്‍ നിയമപ്രകാരം സര്‍ക്കാര്‍ ടെണ്ടറുകളില്‍ പങ്കെടുക്കാന്‍ വിദേശകമ്പനികള്‍ക്ക് പരിമിതമായ അനുമതിയാണുള്ളത്. കുവൈത്തിലെ പ്രദേശിക കമ്പനികളുമായി പങ്കാളിത്തമുണ്ടെങ്കിൽ മാത്രമാണ് വിദേശ കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാനാവുക ഇതുകൊണ്ടുതന്നെ സ്വന്തംനിലക്ക് വന്‍കിട പദ്ധതികള്‍ ഏറ്റെടുക്കാന്‍ കെല്‍പുള്ള അന്താരാഷ്ട്ര കമ്പനികൾ പോലും പ്രാദേശിക കമ്പനികളുമായി ലാഭം വീതംവെക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുനത്. ഈ നിയമത്തിനാണ് ഭേദഗതിക്ക് വഴിയോരുങ്ങുന്നത്.
വിദേശ കമ്പനികളെ സർക്കാർ ടെണ്ടറുകളിൽ നേരിട്ട് പങ്കെടുക്കാനും കരാര്‍ സ്വന്തമാക്കാനും ഭേദഗതി അനുവദിക്കും. കുറഞ്ഞ തുകക്ക് ടെണ്ടർ നല്കിയ രണ്ടാമത്തെ കമ്പനിക്ക് കൂടുതല്‍ സാങ്കേതിക യോഗ്യതയുണ്ടെങ്കിൽ പ്രസ്തുത കമ്പനിയെ കരാർ എല്‍പിക്കാമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നിർമാണ കമ്പനികൾക്കും മറ്റും ഭേദഗതി ഗുണം ചെയ്യുമെങ്കിലും പുതിയ സംവിധാനം കുവൈത്തിലെ കമ്പനികള്‍ക്ക് തിരിച്ചടിയാണ്. രാജ്യത്തെ നിക്ഷേപ, വികസന പ്രവര്‍ത്തനങ്ങളില്‍ ഗുണകരമായ മാറ്റത്തിനു നിയമ ഭേദഗതി കാരണമാവുമെന്ന വിലയിരുത്തലുമുണ്ട്.