കോവിഡ് വ്യാപിക്കുന്നു; ഒമാനിലെ ആശുപത്രികളിലെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു
എന്നാൽ സിസേറിയൻ അടക്കമുള്ള അത്യാവശ്യ ശസ്ത്രക്രിയകൾക്ക് ഇളവനുവദിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഒമാനിലെ മുഴുവൻ ആശുപത്രികളിലെയും ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികൾക്കും മന്ത്രാലയം നോട്ടീസ് നൽകി.
കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികൾ ക്രമാതീതമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ അഡ്മിറ്റ് ചെയ്യൽ ആവശ്യമായ സർജിക്കലും നോൺ സർജിക്കലുമായ മുഴുവൻ ശസ്ത്രക്രിയകളും മാറ്റിവെക്കാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ സിസേറിയൻ അടക്കമുള്ള അത്യാവശ്യ ശസ്ത്രക്രിയകൾക്ക് ഇളവനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 11മുതൽ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് ഉത്തരവ്. എല്ലാ സർക്കാർ ആശുപത്രികൾക്കും സമാനമായ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.
ഒമാനിൽ കഴിഞ്ഞ ദിവസം 12 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമീപകാലത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ആയിരത്തിലേറെ പേർക്ക് ദിനംപ്രതി രോഗം സ്ഥരീകരിക്കുന്നുണ്ട്. ആശുപത്രികളിൽ ചികിൽസയിലുള്ളവരുടെ എണ്ണം 652ആയിട്ടുണ്ട്. ഇവരിൽ 204 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിൽസയിൽ കഴിയുന്നതെന്നും ആരോഗ്യമന്ത്രാലായം അറിയിച്ചിരുന്നു.