വ്യാജ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി; ഹവല്ലിയിൽ പ്രവാസിയിൽ നിന്ന് 1,500 ദിനാർ കൊള്ളയടിച്ചു
1,000 കുവൈത്ത് ദിനാറും 500 ദിനാറിന്റെ ചെക്കുമാണ് രണ്ടുപേർ കൊള്ളയടിച്ചത്
കുവൈത്തിലെ ഹവല്ലിയിൽ വ്യാജ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ രണ്ടുപേർ പ്രവാസിയിൽ നിന്ന് 1,500 ദിനാർ കൊള്ളയടിച്ചു. 1,000 കുവൈത്ത് ദിനാറും 500 ദിനാറിന്റെ ചെക്കുമാണ് കൊള്ളയടിച്ചത്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഹവല്ലി ഇൻവെസ്റ്റിഗേറ്റർ ടീം പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
ബ്ലോക്ക് 11 ലെ ഹവല്ലിയിൽ പുരുഷന്മാരുടെ സലൂണിന് സമീപമാണ് സംഭവം നടന്നതെന്നാണ് പ്രവാസി പറയുന്നത്. പ്രദേശത്തിലൂടെ നടക്കുമ്പോൾ ഒരു എസ്യുവിയിൽ ഡിറ്റക്ടീവുകളായി വേഷമിട്ട് തട്ടിപ്പുകാർ എത്തുകയായിരുന്നു. തുടർന്ന് പ്രവാസിയോട് തന്റെ തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു.
ഐഡി വാങ്ങുമ്പോൾ പ്രതികളിലൊരാൾ പ്രവാസിയുടെ കൈയിൽ വിലങ്ങുകൾ വച്ച ശേഷം വാഹനത്തിലേക്ക് കയറാൻ നിർബന്ധിച്ചു. തുടർന്ന് പ്രതികൾ അയാളെ പരിശോധിച്ച് പണവും ചെക്കും മോഷ്ടിച്ചു, വഴിയാത്രക്കാരെ അറിയിക്കരുതെന്ന് മുന്നറിയിപ്പോടെയായിരുന്നു മോഷണം. സഹായം തേടിയാൽ അയാളെ നാടുകടത്തുമെന്നും ഗുരുതരമായി ഉപദ്രവിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. നിയമപാലകരാണെന്ന അവരുടെ അവകാശവാദം ഉയർത്തിയായിരുന്നു തട്ടിപ്പ്.
പ്രതികളുടെ വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പർ തട്ടിപ്പിനിരയായ പ്രവാസിക്ക് ഓർമയില്ല. എന്നാൽ കറുത്ത അമേരിക്കൻ നിർമിത എസ്യുവിയിലാണ് ഇവരെത്തിയതെന്ന് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഡിറ്റക്ടീവുകൾ വിശകലനം ചെയ്യാനും ഇരയുടെ വിവരണവുമായി പൊരുത്തപ്പെടുന്ന വാഹനങ്ങൾ പരിശോധിക്കാനും തുടങ്ങിയിട്ടുണ്ട്. സംശയിക്കുന്നവരെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുമുണ്ട്.