ഗതാഗതക്കുരുക്ക്: കുവൈത്ത് സിറ്റി അറബ് ലോകത്ത് ആറാം സ്ഥാനത്ത്

ദുബൈയാണ് തിരക്കേറിയ അറബ് നഗരം

Update: 2024-06-26 11:13 GMT

കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്കിൽ കുവൈത്ത് സിറ്റി അറബ് ലോകത്ത് ആറാം സ്ഥാനത്ത്, ആഗോളതലത്തിൽ 550ാമതും. പ്രമുഖ ട്രാഫിക് ഡാറ്റാ അനാലിസിസ് കമ്പനിയായ INRIX പുറത്തിറക്കിയ 'ഗ്ലോബൽ ട്രാഫിക് സ്‌കോർ റെക്കോർഡ് ഫോർ 2023' റിപ്പോർട്ടിലാണ് ഗതാഗതക്കുരുക്ക് അനുസരിച്ച് നഗരങ്ങൾക്ക് റാങ്ക് നൽകിയത്. ദുബൈയാണ് തിരക്കേറിയ അറബ് നഗരം. റിയാദും അബൂദബിയും തൊട്ടുപിന്നിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആഗോളതലത്തിൽ, ന്യൂയോർക്ക് സിറ്റി തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും തിരക്കേറിയ നഗരപ്രദേശമായി. തിരക്ക് കൂടിയതോടെ നഗരത്തിന് 9.1 ബില്യൺ ഡോളർ സമയമാണ് പാഴായത്. ലണ്ടൻ, പാരീസ്, ചിക്കാഗോ എന്നിവയെ പിന്തള്ളി മെക്‌സിക്കോ സിറ്റി രണ്ടാം സ്ഥാനത്തായി. ലോസ് ഏഞ്ചൽസ്, ബോസ്റ്റൺ തുടങ്ങിയ മറ്റ് അമേരിക്കൻ നഗരങ്ങളും ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചതായി റിപ്പോർട്ട് പറയുന്നു.

Advertising
Advertising

ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഗതാഗതത്തിനുള്ള ആവശ്യമായ റോഡ് ശേഷിയെ കവിയുമ്പോഴാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് ഡ്രൈവർമാർക്കും ചരക്ക് വാഹകർക്കും ബസ് യാത്രക്കാർക്കും ഗണ്യമായ സമയ നഷ്ടത്തിനും ഇന്ധനനഷ്ടത്തിനും ഇടയാക്കുന്നതായി പറഞ്ഞു. ഗതാഗതക്കുരുക്ക് 2023ൽ മാത്രം അമേരിക്കയ്ക്ക് 70.4 ബില്യൺ ഡോളറിലധികം ചിലവ് വരുത്തി. മുൻവർഷത്തേക്കാൾ 15% വർധനവാണ് രേഖപ്പെടുത്തിയത്. ഗതാഗതക്കുരുക്ക് മൂലം വാഹനമോടിക്കുന്നവർക്ക് ശരാശരി 42 മണിക്കൂറാണ് നഷ്ടമായത്.

യൂറോപ്പിൽ തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും തിരക്കേറിയ നഗരം ലണ്ടനാണ്. നഗരത്തിലെ ഡ്രൈവർമാർ 2023ൽ ശരാശരി 99 മണിക്കൂർ ട്രാഫിക്കിൽ കുടുങ്ങി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News