ഇസ്രായേലിനെതിരായ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി സ്വാഗതം ചെയ്ത് കുവൈത്ത്

റഫ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്

Update: 2024-05-25 09:41 GMT
Advertising

കുവൈത്ത് സിറ്റി: ഫലസ്തീൻ നഗരമായ റഫയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) അടുത്തിടെ പുറപ്പെടുവിച്ച വിധി സ്വാഗതം ചെയ്ത് കുവൈത്ത്. ഇസ്രായേൽ അധിനിവേശ സേനയ്ക്കെതിരെ ഐസിജെ പ്രഖ്യാപിച്ച എല്ലാ നടപടികളും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതയ്ക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിനോട് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണമെന്നും മന്ത്രാലയം പറഞ്ഞു.

റഫ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ ഹരജിയിൽ വിധി പറയുകയായിരുന്നു കോടതി. ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളിൽനിന്ന് ഇസ്രായേൽ പിൻമാറണം. എട്ട് ലക്ഷത്തിലേറെ ഫലസ്തീനികൾ അഭയാർത്ഥികളായി മാറി. റഫ ആക്രമണം ഫലസ്തീനികളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കി. കരയാക്രമണം കാരണം അഭയാർഥികളാകുന്നവരുടെ എണ്ണം ഇനിയും ഉയരും. റഫയിൽ ആക്രമണം സിവിലിയൻ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്. യു.എൻ വംശഹത്യാ ചട്ടപ്രകാരം റഫ ആക്രമണം പൂർണ തകർച്ചയിലേക്കാവും കാര്യങ്ങൾ എത്തിക്കുക. ഗസ്സയിലെ ദുരന്തപൂർണ്ണമായ അവസ്ഥ മുൻനിർത്തി നേരത്തെ പുറപ്പെടുവിച്ച കോടതി ഉത്തരവ് ഇസ്രായേൽ നടപ്പാക്കണം. ഗസ്സയിൽ എവിടെയും പ്രവേശിച്ച് അന്വേഷണം നടത്താൻ ഇസ്രായേൽ അനുമതി നൽകണം. റഫയിൽ എല്ലാ സൈനിക നടപടികളും ഉടൻ നിർത്തണം. റഫ അതിർത്തി തുറന്ന് ഗസ്സയിൽ ഉടനീളം സഹായം എത്തിക്കാൻ വൈകരുതെന്നും കോടതി ആവശ്യപ്പെട്ടു.

വംശഹത്യ ആരോപണം അന്വേഷിക്കാൻ ഇസ്രായേൽ ഫലപ്രദമായ നടപടി സ്വീകരിക്കുകയും ഉചിത സമിതിയെ അനുവദിക്കുകയും വേണം. ഒരു മാസത്തിനകം കൈക്കൊണ്ട നടപടികൾ കോടതിയെ ഇസ്രായേൽ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. രണ്ടിനെതിരെ 13 ജഡ്ജിമാർ റഫ ആക്രമണം നിർത്തണമെന്ന കോടതി വിധിയെ പിന്തുണച്ചു. അതേസമയം, കോടതി വിധി ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രത്യേക യോഗം വിളിച്ചു. കോടതി വിധി ഗസ്സ യുദ്ധത്തിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News