ഒമാനിൽ വാഹനം ഇടിച്ചുണ്ടാവുന്ന അപകടങ്ങളുടെ എണ്ണത്തിൽ കുറവില്ലെന്ന് റിപ്പോർട്ട്
2024ൽ ഒമാനിലുടനീളം നടന്ന 1,854 റോഡപകടങ്ങളിൽ 586 പേർക്ക് ജീവൻ നഷ്ടമായി
മസ്‌കത്ത്: ഒമാനിൽ വാഹനം ഇടിച്ചുണ്ടാവുന്ന അപകടങ്ങളുടെ എണ്ണത്തിൽ കുറവില്ലെന്ന് റിപ്പോർട്ട്. 2024ൽ ഇത്തരത്തിലുള്ള 389 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. അവയിൽ ഭൂരിഭാഗവും മസ്‌കത്ത് ഗവർണറേറ്റിലാണ്.
കഴിഞ്ഞ വർഷം സുൽത്താനേറ്റിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ റോഡ് അപകടമായിരുന്നു ഇത്തരം സംഭവങ്ങളെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ 2025 സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക് വ്യക്തമാക്കുന്നു. മസ്‌കത്തിൽ മാത്രം 96 എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടു. മറ്റ് ഗവർണറേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിരക്കാണിത്.
2024ൽ ഒമാനിലുടനീളം നടന്ന 1,854 റോഡപകടങ്ങളിൽ 586 പേർക്ക് ജീവൻ നഷ്ടമായി. 1,936 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023നെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണം ഒമ്പത് ശതമാനത്തിലധികം കുറഞ്ഞു. എന്നാൽ, മുൻ വർഷം രേഖപ്പെടുത്തിയ 595 മരണങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.