നയതന്ത്രവാതിലുകൾ അടയുന്നു; ആശങ്ക പങ്കുവച്ച് ഖത്തർ വിദേശകാര്യമന്ത്രാലയം

വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരിയാണ് രാജ്യത്തിന്റെ ആശങ്ക പങ്കുവച്ചത്

Update: 2026-04-07 16:50 GMT

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ കനത്ത ആശങ്ക പങ്കുവച്ച് ഖത്തർ. പരിഹാരത്തിനുള്ള നയതന്ത്ര വാതിലുകൾ അടയുന്നതായും സൈനിക നീക്കങ്ങൾ വിനാശകരമായ ഫലങ്ങളുണ്ടാക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകി. പ്രതിവാര വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരിയാണ് രാജ്യത്തിന്റെ ആശങ്ക പങ്കുവച്ചത്.

സംഘർഷങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര വാതിലുകൾ അതിവേഗം അടയുന്നു എന്നാണ് ഡോ. മാജിദ് അൽ അൻസാരി ചൂണ്ടിക്കാട്ടിയത്. സാഹചര്യങ്ങൾ നിയന്ത്രണാതീതമായി മോശമാകുന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്. യുദ്ധം ഒരു രാജ്യത്തിന്റെയും താത്പര്യങ്ങൾക്ക് ഗുണകരമാകില്ല. ഈ യുദ്ധം തുടരുകയാണ് എങ്കിൽ അതിൽ ആരും വിജയിക്കാൻ പോകുന്നില്ലെന്ന് മാജിദ് അൽ അൻസാരി പറഞ്ഞു.

Advertising
Advertising

അടിസ്ഥാന സൗകര്യങ്ങൾക്കും ഊർജ്ജ സ്രോതസ്സുകൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും അംഗീകരിക്കാനാകില്ല. നേരത്തെ നടന്ന ഇത്തരം ആക്രമണങ്ങൾ മേഖലയിൽ ആഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. ഭക്ഷ്യ, ജല, പരിസ്ഥിതി സുരക്ഷയിൽ അവ വെല്ലുവിളി സൃഷ്ടിച്ചു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോർമുസ് കടലിടുക്ക് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്ന് ഹാമിദ് അൽ അൻസാരി പറഞ്ഞു. ഹോർമുസ് സ്വാഭാവിക കടലിടുക്കാണ്. അതൊരു കനാൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News