സൗദി സോഷ്യൽ ഡെവലപ്‌മെന്റ് ബാങ്കിന് വലിയ വളർച്ച; ബാങ്ക് വഴിയുള്ള ഫിനാൻസിങ് 640 കോടിയായി

രാജ്യത്തെ ചെറുകിട ഇടത്തരം സംരഭങ്ങളുടെ വളർച്ചയും വികസനവും ലക്ഷ്യമിട്ടാണ് സോഷ്യൽ ഡെവലപ്പ്മെന്റ് ബാങ്ക് ആരംഭിച്ചത്.

Update: 2023-07-25 16:59 GMT

റിയാദ്: സൗദി മാനവവിഭവശേഷി മന്ത്രാലയം തുടക്കം കുറിച്ച സോഷ്യൽ ഡവലപ്പ്മെന്റ് ബാങ്കിന് വലിയ സ്വീകാര്യതയും വളർച്ചയും രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ചെറുകിട ഇടത്തരം സംരഭങ്ങളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച ബാങ്ക് ഇതിനകം 640 കോടി റിയാൽ ചെലവഴിച്ചതായി മാനവവിഭവശേഷി മന്ത്രി പറഞ്ഞു.

രാജ്യത്തെ ചെറുകിട ഇടത്തരം സംരഭങ്ങളുടെ വളർച്ചയും വികസനവും ലക്ഷ്യമിട്ടാണ് സോഷ്യൽ ഡെവലപ്പ്മെന്റ് ബാങ്ക് ആരംഭിച്ചത്. സംരഭങ്ങൾക്കാവശ്യമായ ധനസഹായവും മാർഗനിർദേശങ്ങളുമാണ് ബാങ്കിന് കീഴിൽ ലഭ്യമാക്കുന്നത്. ഇതുവഴി ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിനും പദ്ധതി വഴി ലക്ഷ്യമിടുന്നു. നടപ്പുവർഷം ആദ്യപാതി പിന്നിടുമ്പോൾ 5000ൽ അധികം ചെറുകിട സ്ഥാപനങ്ങൾക്ക് ബാങ്ക് വഴി സഹായം അനുവദിച്ചതായി മാനവവിഭവശേഷി മന്ത്രി അഹമ്മദ് അൽറാജി വെളിപ്പെടുത്തി. ഇത് ലക്ഷ്യമിട്ടതിനേക്കാൾ 30 ശതമാനം അധികമാണെന്നും മന്ത്രി വിശദീകരിച്ചു. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ബാങ്കിന് കീഴിൽ ഇതുവരെയായി അനുവദിച്ച തുക 640 കോടി റിയാൽ പിന്നിട്ടതായും മന്ത്രി പറഞ്ഞു. ഇവയിൽ 140 കോടി റിയാൽ സോഷ്യൽ ഫിനാൻസിങ്ങിനായി ചെലവഴിച്ചപ്പോൾ 27000 ഗുണഭോകാതാക്കളെ ഇത് വഴി സൃഷ്ടിച്ചു. സ്വയം തൊഴിലിനായി 240 കോടി റിയാലും, ചെറുകിട സ്ഥാപനങ്ങൾക്കായി 260 കോടി റിയാലും ബാങ്ക് ചെലവഴിച്ചതായും റിപ്പോർട്ട് പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News