ഡോ. നിഷ മധു ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പൽ
പത്തു വർഷത്തോളം മിഡിൽ ഈസ്റ്റിലെ വിവിധ വിദ്യാഭ്യാസ-ഇതര മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇവർ ഇന്ത്യയിൽ അഞ്ച് വർഷത്തോളം പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
ജുബൈൽ: മലയാളിയായ ഡോ. നിഷ മധു ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു. വിദ്യാഭ്യാസ രംഗത്ത് ഏറെ പരിചയസമ്പത്തുള്ള ഡോ. നിഷ, മുമ്പ് ഇറാം അക്കാദമി ഓഫ് സ്‌പോർട്‌സ് ആൻഡ് എക്‌സലൻസിന്റെ പ്രിൻസിപ്പൽ ആയിരുന്നു. പാലക്കാട് സ്വദേശിനിയാണ്.
പശ്ചിമബംഗാളിൽ നിന്നുള്ള ആർ.കെ. ആലംഗീർ ഇസ്ലാം വിരമിച്ച ഒഴിവിലാണ് ഡോ. നിഷയുടെ നിയമനം. വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്, ബോട്ടണിയിൽ ബിരുദാനന്തര ബിരുദം, എം.എഡ്, എം.ബി.എ (ഹ്യൂമൺ റിസോഴ്സ് മാനേജ്‌മെന്റ്) എന്നീ യോഗ്യതകളുള്ള ഡോ.നിഷ സൈക്കോളജി ആൻഡ് കൗൺസിലിംഗിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.
പത്തു വർഷത്തോളം മിഡിൽ ഈസ്റ്റിലെ വിവിധ വിദ്യാഭ്യാസ-ഇതര മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇവർ ഇന്ത്യയിൽ അഞ്ച് വർഷത്തോളം പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023ലെ തമിഴ്‌നാട് സർക്കാരിന്റെ അക്കാദമിക് എക്‌സലൻസ് അവാർഡും, 2025ലെ ഗ്ലോബൽ ഫൌണ്ടേഷൻ 'ടോപ് 50 വിമൻ ഐക്കൺ- ബെസ്റ്റ് പ്രിൻസിപ്പൽ' അവാർഡും ലഭിച്ചിട്ടുണ്ട്. ജില്ലാ കലോത്സവത്തിൽ കലാതിലകമായിരുന്ന ഡോ. നിഷ സംഗീതം, നൃത്തം തുടങ്ങി വിവിധ കലാരംഗങ്ങളിലും തന്റേതായ മികവ് തെളിയിച്ചിട്ടുണ്ട്.