സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യൽ തുടർന്ന് സൗദി
കുറഞ്ഞത് 85,500 ക്യൂബിക് മീറ്റർ അവശിഷ്ടങ്ങൾ നീക്കം ചെയ്യും
റിയാദ്: സിറിയയിലെ റിഫ് ദിമഷ്ക് ഗവർണറേറ്റിലെ ദൗമയിലും ദാരയയിലും കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതി തുടർന്ന് സൗദി അറേബ്യയുടെ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ.
സിറിയൻ സിവിൽ ഡിഫൻസ് (വൈറ്റ് ഹെൽമറ്റ്സ്) സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞത് 85,500 ക്യൂബിക് മീറ്റർ അവശിഷ്ടങ്ങൾ നീക്കം ചെയ്യും. ഇതിൽ 46,500 ക്യൂബിക് മീറ്റർ ദൗമയിലും 39,000 ക്യൂബിക് മീറ്റർ ദാരയയിലുമാകും.
പദ്ധതിയിൽ ഒരു പ്രത്യേക റീസൈക്ലിങ് യൂണിറ്റും ഉൾപ്പെടുന്നുണ്ട്. ഏകദേശം 30,000 ക്യൂബിക് മീറ്റർ അവശിഷ്ടങ്ങൾ നിർമാണത്തിന് ഉപയോഗിക്കാവുന്ന മെറ്റീരിയലാക്കി മാറ്റാൻ ഈ യൂണിറ്റിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
2015-ൽ സ്ഥാപിതമായതു മുതൽ കെഎസ് റിലീഫ് സെന്ററിലൂടെ സിറിയയിൽ സൗദി 553 മില്യൺ ഡോളർ ചെലവിൽ 464 പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, പുനർനിർമാണം, ശുദ്ധജലം-ശുചിത്വം, ആരോഗ്യം, ക്യാമ്പ് മാനേജ്മെന്റ്, വിദ്യഭ്യാസം, സംരക്ഷണം, അടിയന്തര സഹായം, പോഷകാഹാരം തുടങ്ങിയ മേഖലകളിലാണ് പദ്ധതികൾ നടപ്പാക്കിയത്.