കുട്ടിക്ക് രോഗപ്രതിരോധ ശേഷി കുറവാണോ?; നിർബന്ധമായും നൽകേണ്ട അഞ്ചു ഭക്ഷണങ്ങളിതാ...

കുട്ടികളുടെ രോഗപ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ടെന്ന് പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബത്ര പറയുന്നു

Update: 2025-11-22 08:25 GMT
Editor : Lissy P | By : Web Desk

ചെറുതായൊന്ന് മഴ നനഞ്ഞാൽ,വെയിലുകൊണ്ടാൽ,രാത്രിയൊന്ന് പുറത്തിറങ്ങിയാൽ കുട്ടികൾക്ക് അസുഖം വരുമെന്ന് മാതാപിതാക്കൾ പരാതി പറയാറുണ്ട്. കുട്ടികളുടെ രോഗപ്രതിരോധശേഷിയെക്കുറിച്ച് മാതാപിതാക്കൾക്ക് എപ്പോഴും ആധിയാണ്. കുട്ടികളുടെ രോഗപ്രതിരോധ ശേഷി കൂട്ടാമെന്ന് പറഞ്ഞ് നിരവധി മരുന്നുകളും പൗഡറുകളും ഇന്ന് വിപണികളിലും ലഭ്യമാണ്. എന്നാൽ കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ അവരുടെ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബത്ര പറയുന്നു. സാധാരണ പ്രകൃതിദത്ത ഭക്ഷണങ്ങൾ കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തെ ഫലപ്രദമായി സഹായിക്കുമെന്ന് അവർ പങ്കുവെച്ച ഇൻസ്റ്റഗ്രാം വിഡിയോയിൽ പറയുന്നു.

Advertising
Advertising

ഇഞ്ചി, മഞ്ഞൾ,തൈര് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണ്. 'യഥാർത്ഥ പ്രതിരോധശേഷി ഒരു കുപ്പിയിൽ നിന്ന് വരുന്നതല്ല,അത് നിങ്ങളുടെ അടുക്കളയിൽ നിന്നാണ് വളരുന്നതെന്നും പോഷകാഹാര വിദഗ്ധ പറയുന്നു.

വിപണിയിൽ നിന്ന് വലിയ വിലകൊടുത്ത് പലതും വാങ്ങിക്കൊടുക്കുന്നതിന് പകരം നമുക്ക് എളുപ്പത്തിൽ കിട്ടുന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷണങ്ങളുടെ ലിസ്റ്റും അവർ പങ്കുവെച്ചു.


സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ,മുസംബി തുടങ്ങിയ സിട്രസ് പഴങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നവയാണ്. ഇവയിൽ വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തും.

പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, വിറ്റാമിൻ എ, സി, ബി 1, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴം കണ്ണിൻറെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്.

വിറ്റമിൻ സിയും ആന്റി ഓക്ഡിഡന്റുകളും അടങ്ങിയ ഓറഞ്ചിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ ചർമ്മത്തിന്റെ വളർച്ചക്കും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.തണുപ്പുകാലം സിട്രസ് പഴങ്ങളുടെ സീസൺ കൂടിയാണ്. അതുകൊണ്ട് തന്നെ വിപണിയിൽ സുലഭമായി ലഭിക്കുകയും ചെയ്യും.


ബ്രോക്കോളി

കുട്ടികൾ പൊതുവെ ഗ്രീൻവെജിറ്റബിൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരല്ല.പ്രത്യേകിച്ച് ബ്രോക്കോളി. സൾഫോറാഫെയ്ൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ പച്ചക്കറിയാണ് ബ്രോക്കോളി.രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ബ്രോക്കോളി സഹായിക്കും. ബ്രോക്കോളി സൂപ്പാക്കിയോ, വേവിച്ച് ഉടച്ച് ചപ്പാത്തിയാക്കിയോ,പാസ്തയിലോ,കിച്ചടികളിലോ ചേർത്ത് നൽകാവുന്നതാണ്.


ബദാം

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇയും കൂടുതലായി അടങ്ങിയ ബദാം, രോഗപ്രതിരോധ കോശ സംരക്ഷണത്തിനും അണുബാധകൾ തടയുന്നതിനും സഹായിക്കും. ബദാം തനിയെ കഴിക്കാൻ ഇഷ്ടമുള്ള കുട്ടികൾക്ക് അങ്ങനെ നൽകാം.ഇനി അതല്ല, ബദാം പൊടിച്ച് പായസത്തിലോ സ്മൂത്തിയിലോ പാലിലോ കലക്കി കുട്ടികൾക്ക് കൊടുക്കാം.


മഞ്ഞൾ

മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ വീക്കം കുറയ്ക്കുകയും വെളുത്ത രക്താണുക്കളുടെ പ്രവർത്തനം വർധിപ്പിക്കുകയും രോഗങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യും. പാൽ, സൂപ്പ് അല്ലെങ്കിൽ പരിപ്പ് എന്നിവയിൽ ദിവസവും ഒരു ചെറിയ നുള്ള് മഞ്ഞൾ ചേർക്കുന്നത് നല്ലതാണെന്ന് ലോവ്‌നീത് നിർദ്ദേശിക്കുന്നു.


മുള്ളാത്ത(Soursop)

പ്രകൃതിയുടെ ആന്റിഓക്സിഡന്റ് കവചം' എന്നാണ് മുള്ളഞ്ചക്ക എന്ന പേരിലും അറിയപ്പെടുന്ന മുള്ളാത്തയെ വിളിക്കുന്നത്.ഈ പഴത്തിൽ പോളിഫെനോളുകൾ, അസറ്റോജെനിനുകൾ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തെ സഹായിക്കും. നാരുകൾ അടങ്ങിയ ഈ ഫലം ദഹനാരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

അതേസമയം, കുട്ടികള്‍ക്ക് ഏത് ഭക്ഷണം  നല്‍കുമ്പോഴും അവര്‍ക്ക് അലര്‍ജിയുണ്ടോ എന്നത് ശ്രദ്ധിക്കണം.എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഭക്ഷണങ്ങള്‍ തുടര്‍ന്ന് നല്‍കാം...


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News