പ്രമേഹ രോഗിയാണോ? ഈ പാനീയങ്ങള്‍ പണി തരും
പ്രമേഹം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ഇന്ന് ഏറ്റവും കൂടുതൽ പേരിൽ വ്യാപകമായി കാണുന്ന ജീവിതശൈലീ രോഗങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ന്യൂറോപ്പതി, വൃക്ക തകരാറുകൾ, കാഴ്ച പ്രശ്നങ്ങൾ, മോണരോഗങ്ങൾ, രക്തയോട്ടം കുറയൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ഗുരുതരമായ ഇത്തരം ആരോഗ്യ സങ്കീർണതകൾ തടയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും ഏറെ പ്രധാനപ്പെട്ടതാണ്.അതിനായി ഭക്ഷണക്രമം,വ്യായാമം,ആവശ്യമെങ്കില്‍ മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യകരമായ ഭക്ഷണക്രമം.
ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിലനിര്‍ത്തും. എന്നാല്‍ ചില ഭക്ഷണപാനീയങ്ങൾ അനാവശ്യമായ വർധനവിന് കാരണമാകും. പ്രമേഹരോഗമുള്ളവര്‍ ഒഴിവാക്കേണ്ട ചില പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
സോഡ അല്ലെങ്കിൽ സോഫ്റ്റ് ഡ്രിങ്കുകൾ,പാക്കറ്റ് ഫ്രൂട്ട് ജ്യൂസ്, എനർജി ഡ്രിങ്കുകൾ,സ്പോർട്സ് ഡ്രിങ്ക്, മിൽക്ക് ഷേക്കുകൾ ഈ പാനീയങ്ങള്‍ രക്തത്തിലെ പഞ്ചസാര വര്‍ധിപ്പിക്കും.അതുകൊണ്ട് ഈ പാനീയങ്ങള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
അതേസമയം, വെള്ളം,മധുരമില്ലാത്ത ഗ്രീൻ ടീ ,ബ്ലാക്ക് ടീ,മധുരമില്ലാത്ത കട്ടന്‍ കാപ്പി, നാരങ്ങ വെള്ളം,ബട്ടർ മിൽക്ക് തുടങ്ങിയ പാനീയങ്ങള്‍ പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും.ഈ പാനീയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു.
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സമീകൃതാഹാരം കഴിക്കുക
അവശ്യ പോഷകങ്ങളും നാരുകളും ലഭിക്കുന്നതിനായി ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക.
ഉത്തമം ലഘുഭക്ഷണം
ഒറ്റയടിക്ക് ഒരുപാട് ഭക്ഷണം കഴിക്കാതെ ഇടക്കിടക്ക് ലഘുവായി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്
ജലാംശം നിലനിർത്തുക
ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കുക.ഇത് രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്താൻ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുക
വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്താം
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്ന സംസ്കരിച്ചതും പഞ്ചസാര ചേർത്തതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.
കൃത്യമായ നിരീക്ഷണം
പ്രമേഹരോഗികള്‍ രക്തത്തിലെ ഷുഗറിന്‍റെ അളവ് കൃത്യമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും വേണം..
അതേസമയം, ഏത് ഡയറ്റ് സ്വീകരിക്കുന്ന സമയത്തും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ചെയ്യാവൂ.