'സോഷ്യൽമീഡിയയിലൂടെ ആദരാഞ്ജലി അറിയിക്കാൻ മാത്രമായൊരു സർക്കാർ'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ആംആദ്മി

സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സംവിധാനമൊരുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി

Update: 2025-11-11 12:41 GMT

സൗരഭ് ഭരദ്വാജ് 

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി ആക്രമണത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ആംആദ്മി പാ‍ർട്ടി. താലിബാന് ആംബുലൻസ് ഒരുക്കിനൽകാൻ കേന്ദ്രം തയ്യാറാണ്. എന്നാൽ, ഡൽഹിയിലെ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് സൗകര്യമൊരുക്കാൻ ഇവർക്കാകുന്നില്ലെന്ന് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'എന്തെങ്കിലും അപകടം സംഭവിച്ചാൽ സോഷ്യൽമീഡിയയിൽ ആദരാഞ്ജലി അറിയിക്കാൻ മാത്രമായൊരു സർക്കാർ. ഇന്നലെയും അതാണ് നാം കണ്ടത്. സംഭവസ്ഥലത്തേക്ക് ആംബുലൻസ് എത്തിക്കാൻ പോലും ഒരാളുമുണ്ടായില്ല.' സൗരഭ് പറഞ്ഞു.

Advertising
Advertising

'താലിബാന് ആംബുലൻസ് വിട്ടുനൽകാൻ ഈ സർക്കാരിന് മടിയില്ല. എന്നാൽ, ഇന്നലെ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റവർക്ക് ആംബുലൻസ് കിട്ടിയിരുന്നില്ല. പരിക്കേറ്റവരുടെ കുടുംബങ്ങൾ സ്വന്തം നിലക്കാണ് കണ്ടെത്തിയത്.'

സ്ഫോടനത്തിന് തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശപര്യടനത്തെ സൂചിപ്പിക്കാനും അദ്ദേഹം മറന്നില്ല.

'രാജ്യത്തിന് നേരെയുള്ള ഏത് തീവ്രവാദ നീക്കവും യുദ്ധമായി കണക്കാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നത്. എന്നിട്ടിപ്പോ ‍‍ഡൽഹിയിൽ സ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ വിദേശയാത്രയിലാണ് അദ്ദേഹം.' അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അഭാവം നേരത്തെയും ആംആദ്മി ചോ​ദ്യംചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നാലെയുള്ള മോദിയുടെ ഭൂട്ടാൻ സന്ദർശനത്തെ കടുത്ത ഭാഷയിലാണ് ആംആദ്മി എംപി സഞ്ചയ് സിങ് വിമർശിച്ചത്.

ഇന്നലെ വൈകിട്ട് 6.55ഓടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷൻ ​ഗേറ്റ് നമ്പർ ഒന്നിന് സമീപം പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തെ തുടർന്ന് 12 പേർ മരിച്ചതായി പൊലീസ് അറിയിച്ചു.

കേസിന്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറി. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News