'ജീവനോടെ തിരിച്ചെത്തുമെന്ന് കരുതിയില്ല'; നിലവിളിച്ച് എയർ ഹോസ്റ്റസ്, ചിതറിത്തെറിച്ച് ലഗേജുകൾ! ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം

എയർ ഇന്ത്യ ഫ്ലൈറ്റ് AI379 എന്ന വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്

Update: 2026-08-06 06:01 GMT

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്. പറക്കുന്നതിനിടെ അപ്രതീക്ഷിതമായി വിമാനം കുലുങ്ങിവിറയ്ക്കുകയായിരുന്നു. ഫ്ലൈറ്റ് AI379 എന്ന വിമാനത്തിലാണ് യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ എട്ട് യാത്രക്കാർക്കും നാല് കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്തിനുള്ളിൽ നിന്നുള്ള 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, ആരും സീറ്റിൽ നിന്ന് എഴുന്നേൽക്കരുതെന്നും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും എയർ ഹോസ്റ്റസ് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേൾക്കാം. വലിയ കുലുക്കത്തിന്റെ ആഘാതത്തിൽ ലഗേജുകൾ സൂക്ഷിക്കുന്ന ഓവർഹെഡ് ബിന്നുകളുടെ ഫ്ലാപ്പുകൾ തകർന്നു വീഴുകയും, സാധനങ്ങൾ പുറത്തേക്ക് ചിതറിത്തെറിക്കുകയും ചെയ്തു. ഭയന്നുവിറച്ച യാത്രക്കാർ പരസ്പരം കൈകോർത്തുപിടിച്ചും പ്രാർഥിച്ചുമാണ് ആ നിമിഷങ്ങളെ അതിജീവിച്ചത്.

Advertising
Advertising

ജീവിതത്തിലെ ഏറ്റവും ഭയാനകമായ സമയമായിരുന്നു അതെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി എക്സിൽ കുറിച്ചു. വിമാനം ആകാശച്ചുഴിയിൽപ്പെട്ടപ്പോൾ ആളുകൾ സീറ്റിൽ നിന്നും തെറിച്ചുവീഴുകയും യാത്രക്കാരുടെ തലകൾ പരസ്പരം കൂട്ടിയിടിച്ച് പരിക്കേൽക്കുകയും ചെയ്തു. ജീവനോടെ താഴെ ഇറങ്ങാൻ സാധിക്കുമെന്ന് ഒരിക്കൽപ്പോലും കരുതിയില്ലെന്നും അവർ വ്യക്തമാക്കി.

ഇറ്റലിയിൽ നിന്നുള്ള മറ്റൊരു യാത്രക്കാരിയുടെ വാക്കുകളും സമാനമായിരുന്നു. പലരുടേയും മുഖത്തുനിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നെന്നും, തലയ്ക്ക് ശക്തമായി അടിയേറ്റതുപോലെ തോന്നിയെന്നും അവർ പറയുന്നു. തന്റെ അമ്മയ്ക്കും സഹോദരിക്കും സാരമായി പരിക്കേറ്റതായും അവർ കൂട്ടിച്ചേർത്തു.

137 യാത്രക്കാരും എട്ട് കാബിൻ ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് നവജാത ശിശുക്കളും ഉൾപ്പെടുന്നു. ഭയാനകമായ നിമിഷങ്ങൾക്കൊടുവിൽ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടർന്ന് പരിക്കേറ്റ 12 പേർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ വിമാനത്തിന്റെ ഉൾഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായുണ്ടായ ആകാശച്ചുഴിയാണ് പെട്ടെന്നുള്ള ഉയരവ്യത്യാസത്തിനും കുലുക്കത്തിനും കാരണമെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എയർ ഇന്ത്യ അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News