എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റണ്‍വേയില്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ അപകടം

എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്ത ശേഷം പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിയുകയായിരുന്നു

Update: 2026-06-25 05:24 GMT

എഐ നിർമിത ചിത്രം 

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടെയും വിമാനങ്ങള്‍ ടാക്‌സിവേയില്‍ നേര്‍ക്കുനേര്‍ എത്തിയ സംഭവം ആശങ്കയുണ്ടാക്കി. അവസാന നിമിഷം ഇരുവിമാനങ്ങളും സുരക്ഷിത അകലത്തില്‍ നിര്‍ത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.

ചൊവ്വാഴ്ച രാത്രി 7.59ഓടെയായിരുന്നു സംഭവം. മുംബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ എ320 നിയോ വിമാനം ലാന്‍ഡ് ചെയ്ത ശേഷം പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിയുകയായിരുന്നു. ഇതേസമയം, മുംബൈയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫിനായി ടാക്‌സിവേയിലൂടെ വരുന്നുണ്ടായിരുന്നു.

Advertising
Advertising

ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ എത്തിയെങ്കിലും പൈലറ്റുമാര്‍ സമയോചിതമായി ഇടപെട്ട് വിമാനങ്ങള്‍ നിര്‍ത്തിയതോടെ അപകടം ഒഴിവായി. സംഭവസമയത്ത് എയര്‍ ഇന്ത്യ വിമാനത്തില്‍ 164 യാത്രക്കാരുണ്ടായിരുന്നു. ഇതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം ടോ ചെയ്ത് മാറ്റി. ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസ് ഏകദേശം 20 മിനിറ്റ് വൈകുകയും ചെയ്തു.

സംഭവത്തില്‍ പ്രതികരിച്ച ഇന്‍ഡിഗോ, മറ്റൊരു എയര്‍ലൈന്‍ വിമാനത്തിന്റെ തെറ്റായ നീക്കമാണ് തങ്ങളുടെ വിമാനത്തിന് മുന്നില്‍ തടസ്സമായതെന്ന് വ്യക്തമാക്കി. ഇരുവിമാനങ്ങളും സുരക്ഷിത അകലത്തില്‍ നിര്‍ത്തിയെന്നും തുടര്‍ന്ന് വിമാനം സുരക്ഷിതമായി മുംബൈയില്‍ എത്തിയെന്നും കമ്പനി അറിയിച്ചു.

വിമാനം ടാക്‌സിവേയില്‍ തെറ്റായ ദിശയിലേക്ക് തിരിഞ്ഞതായി എയര്‍ ഇന്ത്യയും സമ്മതിച്ചു. യാത്രക്കാരുടെയോ ജീവനക്കാരുടെയോ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്നും സംഭവം സംബന്ധിച്ച് നിയന്ത്രണ ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും കമ്പനി അറിയിച്ചു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News