Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | IndianExpress
നോയിഡ: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തി 23കാരൻ. മൂന്നാം വർഷ ബിഫാം വിദ്യാർഥിയായ ദീപക് ഗോസ്വാമിയാണ് അറസ്റ്റിലായത്. ഗൗതം ബുദ്ധ നഗറിലെ ബംബാവാഡ് സ്വദേശിയായ മഹിപാൽ (45) ആണ് കൊല്ലപ്പെട്ടത്.
നോയിഡയിലാണ് സംഭവം. മഹിപാലിന്റെ മകളെ ദീപകിന് വിവാഹം ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ യുവതി താൽപര്യമില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ദീപക്കിന്റെ കയ്യിൽ നിന്ന് തോക്ക്, തിരകൾ, ഐഫോൺ, മോട്ടോർ സൈക്കിൾ എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ധൂം ബൈപാസിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
മഹിപാലിന്റെ നെഞ്ചിൽ രണ്ട് തവണയാണ് 23കാരൻ നിറയൊഴിച്ചത്. ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ് വേയിൽ നിന്നാണ് മഹിപാലിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് വഴിയാത്രക്കാർ മധ്യവയസ്കനെ പരിക്കേറ്റ നിലയിൽ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
50ലേറെ സിസിടിവി പരിശോധിച്ചതിലാണ് അക്രമിയിലേക്കുള്ള സൂചന ലഭിച്ചത്. മഹിപാൽ മകളുടെ വിവാഹം ഡിസംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചതാണ് 23കാരനെ പ്രകോപിതനാക്കിയത്. നിരവധി തവണ യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തി പരാജയപ്പെട്ടതോടെയാണ് വിവാഹം മുടക്കാൻ മഹിപാലിനെ കൊലപ്പെടുത്താൻ ദീപക് തീരുമാനിച്ചത്. ഒരു മാസത്തിലേറെയായി കൊലപാതകത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ദീപക്.