എല്ലാ കാലവും പിസിസി അധ്യക്ഷനായിരിക്കില്ല; ഉടൻ സ്ഥാനമൊഴിയുമെന്ന് സൂചന നൽകി ഡി.കെ ശിവകുമാർ

2023ൽ ഉപമുഖ്യമന്ത്രി ആയപ്പോൾ തന്നെ പിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ ആഗ്രഹിച്ചിരുന്നുവെന്നും ശിവകുമാർ വ്യക്തമാക്കി

Update: 2025-11-19 15:34 GMT

ബംഗളൂരു: കർണാടക കോൺഗ്രസിൽ നേതൃമാറ്റമുണ്ടാകുമെന്ന് പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. പിസിസി അധ്യക്ഷനായി ആറു വർഷം പൂർത്തിയാകുന്ന 2026 മാർച്ചിൽ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 2023ൽ ഉപമുഖ്യമന്ത്രി ആയപ്പോൾ തന്നെ പിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ ആഗ്രഹിച്ചിരുന്നുവെന്നും ശിവകുമാർ വ്യക്തമാക്കി.

സിദ്ധരാമയ്യക്ക് പകരം ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന ചർച്ചകളും ഉയരുന്നുണ്ട്. അതിനിടെ വിവിധ സർക്കാരുകൾക്ക് കീഴിൽ ഇതുവരെ 16 ബഡ്ജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും 2026ലും താൻ ബഡ്ജറ്റ് അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ 17-ാം ബജറ്റ് ആയിരിക്കും ഇത്.

താൻ എത്രകാലം പിസിസി അധ്യക്ഷനായി തുടരുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ശിവകുമാർ പറഞ്ഞു. താൻ പിസിസി അധ്യക്ഷനായിരിക്കുന്ന കാലയളവിൽ കർണാടകയിൽ 100 കോൺഗ്രസ് ഓഫീസുകൾ നിർമിക്കുക എന്നതാൻ തന്റെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കുറച്ചുകാലം കൂടി പിസിസി അധ്യക്ഷനായി തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ജോലികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ് എന്നും ശിവകുമാർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News