ദത്തെടുത്ത ഒരു വയസുകാരനെ നിധിക്കായി ബലിയർപ്പിക്കാൻ ശ്രമം; ദമ്പതികൾ കസ്റ്റഡിയിൽ

കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞിനെ ബലിയർപ്പിക്കാൻ ശ്രമം നടന്നത്

Update: 2026-01-05 13:19 GMT

Representative image Photo| Special Arrangement

ബംഗളൂരു: ദത്തെടുത്ത ഒരു വയസുകാരനെ നിധിക്കായി ബലിയർപ്പിക്കാൻ ശ്രമിച്ച ദമ്പതികൾ കസ്റ്റഡിയിൽ. ബം​ഗളൂരുവിലെ ഹോസ്‌കോട്ടെ സുലിബെലെ ന​ഗരത്തിലാണ് സംഭവം. ദമ്പതികളായ ഇമ്രാൻ- നാച്ച എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞിനെ ബലിയർപ്പിക്കാൻ ശ്രമം നടന്നത്. ചിൽഡ്രൻസ് ഹെൽപ്പ് ലൈനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനിത ശിശുക്ഷേമ വകുപ്പ് അസി. ഡയറക്ടർ ശിവമ്മ, ബംഗളൂരു റൂറൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീധർ, ജീവനക്കാർ, ചിൽഡ്രൻസ് ഹെൽപ്പ് ലൈൻ സ്റ്റാഫ് അംഗം ശ്രീനിവാസ് എന്നിവർ ചേർന്ന് ലോക്കൽ പൊലീസിന്റെ സഹായത്തോടെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. വിളിച്ചയാൾ പറഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെന്റിൽ കുഴിയെടുക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അവിടെയാണ് കുഞ്ഞിനെയും കണ്ടെത്തിയത്.

നിധി കണ്ടെത്താനുള്ള ആഗ്രഹത്തോടെ കുഞ്ഞിനെ ബലി നൽകാനുള്ള ഒരുക്കങ്ങൾ നടന്നിരുന്നു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ടെന്നും കോലാർ ദമ്പതികളിൽ നിന്നാണ് ആൺകുട്ടിയെ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. കുഴിയെടുത്തത് എന്തിനാണെന്നത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് ദമ്പതികൾ നൽകിയത്. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.

Tags:    

Byline - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News