ഡൽഹിയിലെ സ്‌ഫോടനം ചാവേർ സ്‌ഫോടനമല്ലെന്ന് സൂചന; നടന്നത് ആസൂത്രിത ആക്രമണമല്ലെന്ന് നിഗമനം
'കാർ ബോംബ് സ്ഫോടനത്തിലേത് പോലെയുള്ള നാശം സംഭവിച്ചിട്ടില്ല, ലക്ഷ്യത്തിലേക്ക് കാർ ഇടിച്ചുകയറ്റിയിട്ടില്ല'
Photo-AFP
ന്യൂഡല്‍ഹി: ഡൽഹിയിലെ സ്ഫോടനം ചാവേര്‍ സ്ഫോടനമല്ലെന്ന് സൂചന. നടന്നത് ആസൂത്രിത ആക്രമണം അല്ലെന്നാണ് നിഗമനം. അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
സ്ഫോടക വസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. കാര്‍ ബോംബ് സ്ഫോടനത്തിലേത് പോലെയുള്ള നാശം സംഭവിച്ചിട്ടില്ല. ലക്ഷ്യത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ഹ്യുണ്ടായ് ഐ 20കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഫോടനത്തിന് മുമ്പായി ചെങ്കോട്ട പരിസരത്ത് കാര്‍, മൂന്നുമണിക്കൂർ നിർത്തിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഐ 20 കാറിന്റെ ഉടമസ്ഥര്‍ നാല് തവണ മാറിയെന്നും കണ്ടെത്തി. കാറോടിച്ചിരുന്നുവെന്ന് സംശയിക്കുന്ന ഉമർ മുഹമ്മദിന് ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
സ്ഫോടന സമയം കാറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നു എന്നതാണ് കണ്ടെത്തൽ. കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെങ്കിൽ സ്ഫോടനത്തിൽ മരിച്ചിരിക്കാം എന്നാണ് വിലയിരുത്തൽ.
ഇന്നലെ വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു. കാറിൽ മൂന്നുപേരുണ്ടായിരുന്നെന്നാണ് സൂചന.