'പാർട്ടിയെ ഒരിക്കലും വഞ്ചിച്ചിട്ടില്ല, ഒപ്പം നിൽക്കുന്നവരുടെ കൂടെ ഹൈക്കമാൻഡ് നിൽക്കും'; മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ഡി.കെ ശിവകുമാറിന്റെ മറുപടി

സിദ്ധരാമയ്യക്ക് പുറമേ കർണാടകയിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറും

Update: 2023-04-06 13:34 GMT
Advertising

ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറും. സിദ്ധരാമയ്യ ഈ ആഗ്രഹം പ്രകടിപ്പിച്ചതിന് പിറകെ, എൻ.ഡി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹവും ഇക്കാര്യം വ്യക്തമാക്കിയത്. 'പാർട്ടിയോട് എന്നും കൂറുപുലർത്തിയ ആളാണ് ഞാൻ. ഒരിക്കലും പാർട്ടിയെ ചതിച്ചിട്ടില്ല. കർണാടക നേടിയ ശേഷം കാര്യങ്ങൾ ഹൈക്കമാൻഡിന് കൈമാറും. പാർട്ടിക്കൊപ്പം നിലയുറപ്പിച്ച ആളുകൾക്കൊപ്പമാണ് ഹൈക്കമൻഡ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. ഞങ്ങൾ അവരിൽ വിശ്വസിക്കുന്നു. എന്റെ നേതൃത്വത്തിൽ എനിക്ക് വിശ്വാസമുണ്ട്' എൻ.ഡി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ കർണാടകയിലെ കരുത്തനായ കോൺഗ്രസ് നേതാവ് പറഞ്ഞു. 60കാരനായ ഇദ്ദേഹം പാർട്ടിയുടെ പ്രശ്‌ന പരിഹാര വിദഗ്ധനായാണ് വിലയിരുത്തപ്പെടുന്നത്.

പാർട്ടി ക്ഷീണിച്ച അവസ്ഥയിലായിരിക്കെയാണ് താൻ നേതൃത്വം ഏറ്റെടുത്തതെന്നും തുടർന്ന് പുനരുദ്ധരിക്കാൻ വിശ്രമമില്ലാതെ പ്രയത്‌നിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞാൻ ഉറങ്ങാതെ, സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു. എല്ലാവരെയും ഒപ്പം കൂട്ടി, ശക്തമായ സംഘടനാ സംവിധാനവും ബിജെപിക്കെതിരെയുള്ള ഐക്യ മുന്നണിയും പടുത്തുയർത്തി' ഡി.കെ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും താനും തമ്മിൽ ഭിന്നതയുണ്ടെന്ന ആരോപണം തള്ളി. അദ്ദേഹവും താനും ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്നും ബിജെപി തെറ്റിദ്ധാരണ പരത്താനും തങ്ങളെ തെറ്റിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്തുകയും കർണാടകയുടെ അന്തസ് വീണ്ടെടുക്കുകയുമാണ് ഞങ്ങളുടെ പൊതുലക്ഷ്യം' ശിവകുമാർ ചൂണ്ടിക്കാട്ടി.

'175 സീറ്റുകളിൽ ഞങ്ങൾ സമവായത്തിലെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ 140ന് അടുത്ത് സീറ്റുകൾ നേടാനാകുമെന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്' കർണാടക കോൺഗ്രസ് തലവൻ പറഞ്ഞു.

എച്ച്.ഡി കുമാരസ്വാമി നേതൃത്വം നൽകുന്ന ജനതാദൾ സെക്കുലറുമായി ധാരണയിലെത്താനുള്ള സാധ്യതകളെ ഡി.കെ ശിവകുമാർ തള്ളിക്കളഞ്ഞു. ജനവിധി അനുകൂലമാകാതെ തന്നെ രണ്ട് വട്ടം ബിജെപിയോട് ചോർന്ന് ജനങ്ങളെ വഞ്ചിച്ച അവരോട് ചേരുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുമാരസ്വാമി അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പറഞ്ഞു.

ഇന്ത്യ ടുഡേയ്ക്കും അദ്ദേഹം അഭിമുഖം നൽകി. കർണാടകയിൽ 141 സീറ്റ് നേടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് എല്ലാ രാഷ്ട്രീയക്കാർക്കും താൽപര്യമുണ്ടാകുമെന്നും എന്നാൽ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവരുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് നിരവധി സീനിയർ നേതാക്കളുണ്ടെന്നും എന്നാൽ പാർട്ടി എംഎൽഎമാർ തെരഞ്ഞെടുക്കപ്പെട്ട ശേഷം കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

Apart from Siddaramaiah, PCC President DK Shivakumar also expressed his desire to become the Chief Minister if the Congress wins in Karnataka.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News