ബംഗളൂരു കുടിയൊഴിപ്പിക്കൽ കേരള മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയവത്കരിക്കുന്നു: ഡി.കെ ശിവകുമാർ

കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.

Update: 2025-12-29 12:36 GMT

ബം​ഗളൂരു: അനധികൃത കുടിയേറ്റം ആരോപിച്ച് ബംഗളൂരു യെലഹങ്കയിൽ നടന്ന ബുൾഡോസർ രാജിനെതിരായ വിമർശനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കുടിയൊഴിപ്പിക്കൽ കേരള മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഡി.കെ ശിവകുമാർ ആരോപിച്ചു. യെലഹങ്ക സന്ദർശിച്ച ശേഷം എക്‌സിലൂടെയാണ് ശിവകുമാറിന്റെ പ്രതികരണം.

'കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും കേരളാ മുഖ്യമന്ത്രിയും യെലഹങ്ക വിഷയം അനാവശ്യമായി രാഷ്ട്രീയവത്ക‌രിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തോൽക്കുമെന്ന ഭയം കാരണം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ വ്യാജ സഹതാപം പ്രകടിപ്പിക്കുന്നു. യെലഹങ്കയിൽ പാവപ്പെട്ടവരിൽ നിന്നും പണം വാങ്ങി ചിലർ വീടുകൾ നിർമിച്ച് നൽകി. സർക്കാർ ഭൂമി കൈയേറിയാണ് നിർമാണം നടത്തിയത്'.

Advertising
Advertising

ഒമ്പത് വർഷങ്ങൾക്ക് മുൻപ് സോളിഡ് വേസ്റ്റ് മാനേജ്മെൻ്റിന് നൽകിയതാണ് ഈ ഭൂമി. കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. പുറന്തള്ളിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചെന്നും അതിൽ വിഷയം വിശദമായി ചർച്ച ചെയ്തെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.

കുടിയൊഴിപ്പിക്കൽ വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ വിമർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയും യഥാർഥ വസ്തുതകൾ മനസിലാക്കാതെയാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. യെലഹങ്കയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരയാണ് ഒഴിപ്പിച്ചത്. ഇവർ പ്രദേശവാസികളല്ല, കുടിയേറ്റ തൊഴിലാളികളാണ്. മാനുഷിക പരിഗണനയിൽ എല്ലാ സഹായവും ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

മാലിന്യനിക്ഷേപ കേന്ദ്രമായ യെലഹങ്കയിൽ നിരവധിപേർ അനധികൃതമായി കുടിയേറി താമസിക്കുകയായിരുന്നു. അത് മനുഷ്യർക്ക് താമസിക്കാൻ പറ്റിയ സ്ഥലമല്ല. അവിടെ നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും താമസക്കാർ അനുസരിച്ചില്ല. ഈ സാഹചര്യത്തിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നുവെന്നും സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.

ബംഗളൂരു ബുൾഡോസർ രാജിൽ കർണാടക സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസിനാണ് എന്നത് ആശ്ചര്യകരമാണ്. ഇങ്ങനെ ബലംപ്രയോഗിച്ച് ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ് ഷിയാസ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍.2012 മാധ്യമപ്രവര്‍ത്തന രംഗത്ത്. ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയം, കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പത്ര- ഓണ്‍ലൈന്‍ മീഡിയകളിൽ പ്രവര്‍ത്തനപരിചയം

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ് ഷിയാസ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍.2012 മാധ്യമപ്രവര്‍ത്തന രംഗത്ത്. ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയം, കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പത്ര- ഓണ്‍ലൈന്‍ മീഡിയകളിൽ പ്രവര്‍ത്തനപരിചയം

By - Web Desk

contributor

Similar News