വോട്ട് കൊള്ളയിൽ ആദ്യ അറസ്റ്റ്; കർണാടകയിൽ പിടിയിലായത് പശ്ചിമ ബം​ഗാൾ സ്വദേശി; വെട്ടിമാറ്റിയത് ബിജെപി നേതാവിന്റെ ആവശ്യപ്രകാരം

കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ബി.ആർ പാട്ടീലിന്റെ പരാതിയിലാണ് നടപടി.

Update: 2025-11-15 07:02 GMT

Photo| Special Arrangement

ബം​ഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ളയിൽ ആദ്യ അറസ്റ്റ്. കർണാടകയിലെ ക്രമക്കേടിൽ പശ്ചിമ ബംഗാൾ നാഡിയ സ്വദേശി ബാപി ആദ്യയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2023ൽ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റിയെന്ന കേസിലാണ് അറസ്റ്റ്.

കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ബി.ആർ പാട്ടീലിന്റെ പരാതിയിലാണ് നടപടി. ബിജെപി നേതാവിന്റെ ആവശ്യപ്രകാരം 2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് ആളുകളുടെ പേര് നീക്കം ചെയ്യാനായി പ്രവർത്തിച്ചു എന്നതാണ് ഇയാൾക്കെതിരായ കുറ്റം. ഓരോ വോട്ടും നീക്കം ചെയ്യാനുള്ള ഒടിപി ബിജെപി നേതാവിന്റെ ഡാറ്റാ സെന്ററിൽ എത്തിക്കുകയായിരുന്നു. ഇതിന് പ്രത്യേക വെബ്സൈറ്റ് ഉപയോഗിച്ചെന്നും എസ്ഐടി കണ്ടെത്തി. 

Advertising
Advertising

ഓരോ ഒടിപിക്കും 700 രൂപ വീതം ഈടാക്കിയാണ് വോട്ട് നീക്കം ചെയ്തിരുന്നത്. പണമിടപാടിന്റെ തെളിവുകൾ കണ്ടെത്തിയ ശേഷമാണ് അറസ്റ്റ്. നിരന്തരം 700 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതിന്റെ രേഖയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

വ്യാജ വോട്ടർ ഐഡി കാർഡുകളും ഫോൺ നമ്പരുകളും ഉപയോഗിച്ച് നിയമവിരുദ്ധമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഇയാൾ കയറിയത്. ഓരോ സേവനത്തിനും ഒടിപി സ്വീകരിച്ച് ഡാറ്റാ സെന്ററിലേക്ക് കൈമാറുകയായിരുന്നു. ഇത്തരത്തിൽ 3000ലേറെ വോട്ടുകൾ നീക്കിയിട്ടുണ്ടെന്നാണ് പരാതി.

മൊബൈൽ റിപ്പയറിങ് കട നടത്തുന്ന പ്രതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ ഫോൺ നമ്പരുകൾ ഉപയോഗിച്ചാണ് ഒടിപി സ്വീകരിച്ച് വോട്ടുകൾ വെട്ടിമാറ്റിയത്. ഇതിന് മറ്റേതെങ്കിലും സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്.

സെപ്തംബർ 18ന് നടന്ന വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി എംപി വോട്ട് ചോരി ആരോപണം ഉന്നയിച്ചത്. 2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനും കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിനും മുന്നോടിയായി വോട്ട് മോഷണം നടന്നതായി അദ്ദേഹം പവർപോയിന്റ് അവതരണങ്ങളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News