തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; ഗൃഹനാഥൻ അമ്മയെയും മകനെയും വെട്ടിക്കൊന്നു

കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകൻ സുഭാഷ്, അമ്മ കണ്ണമ്മാൾ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.

Update: 2023-04-15 10:16 GMT

ചെന്നൈ: അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥൻ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകൻ സുഭാഷ്, അമ്മ കണ്ണമ്മാൾ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ സുഭാഷിന്റെ ഭാര്യ അനുസൂയക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ദണ്ഡപാണിയുടെ എതിർപ്പ് അവഗണിച്ചാണ് സുഭാഷ് അന്യജാതിയിൽപ്പെട്ട അനുസൂയയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും ദണ്ഡപാണിയുടെ വീട്ടിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ പുതുവർഷാഘോഷമായിരുന്നു. ഇതിൽ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് ഇരുവരും മുത്തശ്ശിയായ കണ്ണമ്മാളിന്റെ വീട്ടിലെത്തിയത്.

Advertising
Advertising

ഈ വിവരമറിഞ്ഞ ദണ്ഡപാണി ശനിയാഴ്ച രാവിലെ കണ്ണമാളിന്റെ വീട്ടിലെത്തി സുഭാഷിനെയും ഭാര്യയെയും അരിവാൾകൊണ്ട് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് കണ്ണമ്മാളിനും വെട്ടേറ്റത്. ആക്രമണത്തിന് ശേഷം ഇയാൾ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. ചോരയിൽ കുളിച്ചുകിടന്ന മൂവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ സുഭാഷിന്റെയും കണ്ണമാളിന്റെയും ജീവൻ രക്ഷിക്കാനായില്ല. അനുസൂയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

ഒരുമാസത്തിനിടെ കൃഷ്ണഗിരിയിൽ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണിത്. മൂന്നാഴ്ച മുമ്പ് ബന്ധുവായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് 26-കാരനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൃഷ്ണഗിരി കിട്ടാംപെട്ടി സ്വദേശിയായ ജഗനെയാണ് ഭാര്യാപിതാവ് ഉൾപ്പെട്ട സംഘം പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News