വെജിന് പകരം നോൺ വെജ് ബിരിയാണി നൽ‍കിയതിന് ഹോട്ടൽ‍ ഉടമയെ വെടിവച്ച് കൊന്നു

രോഷാകുലരായ നാട്ടുകാർ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ റോഡ് ഉപരോധിച്ചു.

Update: 2025-10-19 12:08 GMT

റാഞ്ചി: ജാർഖണ്ഡിൽ വെജ് ബിരിയാണിക്ക് പകരം നോൺ വെജ് ബിരിയാണി നൽകിയതിന് ഹോട്ടൽ ഉടമയെ വെടിവച്ച് കൊന്നു. റാഞ്ചിയിലെ കാങ്കെ‌- പിത്തോറിയ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഭിത്ത സ്വദേശിയും ഹോട്ടൽ ഉടമയുമായ വിജയ് കുമാർ നാ​ഗ് (47) ആണ് കൊല്ലപ്പെട്ടത്.

'രാത്രി ഹോട്ടലിലെത്തിയെ ഒരാൾ വെജ് ബിരിയാണി ആവശ്യപ്പെടുകയും ഹോട്ടൽ‍ ജീവനക്കാർ പാഴ്സൽ‍ നൽ‍കുകയും ചെയ്തു. എന്നാൽ‍ കുറച്ചുസമയത്തിന് ശേഷം മറ്റു ചിലരേയും കൂട്ടി ഹോട്ടലിലെത്തിയ ഇയാൾ വെജ് ബിരിയാണിക്ക് പകരം തനിക്ക് നോൺ-വെജ് ബിരിയാണിയാണ് നൽകിയതെന്ന് പറഞ്ഞ് തർക്കത്തിലേർപ്പെടുകയായിരുന്നു'- എസ്പി പ്രവീൺ പുഷ്കർ പറഞ്ഞു.

Advertising
Advertising

ഈ സമയം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉടമയായ വിജയ് കുമാർ നാഗ്. ഉടൻ ഇദ്ദേഹത്തിനരികിലേക്കെത്തിയ അക്രമികളിൽ ഒരാൾ വെടിയുതിർത്തു. വെടിയുണ്ട നെഞ്ചിൽ തുളച്ചു കയറി. ജീവനക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

വിജയ് കുമാറിന്റെ മൃതദേഹം രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പ്രതികൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയതായും എസ്പി പറഞ്ഞു.

രോഷാകുലരായ നാട്ടുകാർ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ കാങ്കെ- പിത്തോറിയ റോഡ് ഉപരോധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് ഉപരോധം പിൻവലിച്ചതായി കാങ്കെ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് പ്രകാശ് രജക് പറഞ്ഞു. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News