Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: ഇഎംഐ അടച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ദമ്പതികളുടെ പേരില്‍ സംയുക്തമായി രജിസ്റ്റര്‍ ചെയ്ത സ്വത്തിൽ ഭര്‍ത്താവിന് പൂര്‍ണ ഉടമസ്ഥാവകാശമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസുമാരായ അനില്‍ക്ഷേത്രര്‍പാലും ഹരീഷ് വൈദ്യനാഥന്‍ ശങ്കറും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഭാര്യയുടെയും ഭർത്താവിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്ത് വാങ്ങിയത് ഭര്‍ത്താവ് മാത്രമാണെന്നതിനാല്‍ പൂര്‍ണ ഉടമസ്ഥത അവകാശപ്പെടുന്നത് അനുവദനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന്റെ അവകാശവാദം ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമത്തിലെ സെക്ഷന്‍ 4ന് വിരുദ്ധമാകുമെന്നും കോടതി വ്യക്തമാക്കി.
വിവാഹമോചനവുമായി ബന്ധപ്പെട്ട സ്വത്ത്തര്‍ക്ക കേസ് പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതിയില്‍. കോടതിയിൽ സമര്‍പ്പിച്ച ഹരജിയില്‍ സ്വത്തിന്റെ 50 ശതമാനം തന്റേതാണെന്നും ഹിന്ദു നിയമപ്രകാരം തനിക്ക് കിട്ടിയ സ്ത്രീധനമാണതെന്നും സ്വത്തില്‍ പ്രത്യേക ഉടമസ്ഥാവകാശം തനിക്കുണ്ടെന്നും ഭാര്യ വാദിച്ചു.
1999ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2005ല്‍ ഇവര്‍ മുംബൈയില്‍ വീട് വാങ്ങി. 2006ല്‍ അവര്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. അതേ വര്‍ഷം തന്നെ വിവാഹമോചനത്തിനും അപേക്ഷ നല്‍കി. വിവാഹ മോചന ഹരജി കുടുംബക്കോടതിയുടെ പരിഗണനയിലാണ്.