ചാനൽ റേറ്റിങ് തട്ടിപ്പ് അവസാനിപ്പിക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
ലാൻഡിങ് പേജിൽ ചാനൽ വരുത്തി കാഴ്ചക്കാരെക്കൂട്ടുന്നത് റേറ്റിങ് തട്ടിപ്പിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന തന്ത്രമാണ്. ടെലിവിഷനും കേബിൾ കണക്ഷന്റെ സെറ്റ് ടോപ് ബോക്സും ഓൺ ചെയ്യുമ്പോൾ ചാനൽ നമ്പർ പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാൻഡിങ് പേജ്. ബാർക്കിലെ കണക്കുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പാണ് മീഡിയവൺ ബാർക്കിൽ നിന്ന് പിന്മാറിയത്
ന്യൂഡല്‍ഹി: ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷക പിന്തുണ കണക്കാക്കുന്ന റേറ്റിങ് സംവിധാനത്തിൽ നടക്കുന്ന തട്ടിപ്പുകൾ തടയാൻ പുതിയ നീക്കങ്ങളുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ടെലിവിഷൻ റേറ്റിങ്ങുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതി നിർദേശങ്ങളുടെ കരട് സർക്കാർ ഉടൻ പുറത്തിറക്കും.
കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നതിന് കണക്റ്റഡ് ടിവി പ്ലാറ്റ്‌ഫോമുകളെയും (CTV) പരിഗണിക്കണം, ലാൻഡിങ് പേജുകൾ ഒഴിവാക്കണം തുടങ്ങിയ സുപ്രധാന ഭേദഗതികള്‍ മന്ത്രാലയം ശിപാര്‍ശ ചെയ്യുന്നു. വ്യാപക ആരോപണങ്ങളെത്തുടർന്ന് ഇടക്കാലത്ത് നിർത്തിവച്ച റേറ്റിങ് സമ്പ്രദായം പുനരാരംഭിച്ച ശേഷം മൂന്ന് വർഷത്തിനിടെയാണ് വീണ്ടും കേന്ദ്ര സർക്കാറിന് ഇതിൽ ഇടപെടേണ്ടി വന്നത്.
ലാന്‍ഡിങ് പേജില്‍ ചാനല്‍ വരുത്തി കാഴ്ചക്കാരെക്കൂട്ടുന്നത് റേറ്റിങ് തട്ടിപ്പിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന തന്ത്രമാണ്. ടെലിവിഷനും കേബിൾ കണക്ഷന്റെ സെറ്റ് ടോപ് ബോക്‌സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പർ പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി വൻതുക മുടക്കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് കൂടിവരികയാണ്. കേരളത്തിൽ ഇതിന് പുറമെ സെക്കന്റ് ലാന്റിങ് പേജ് എന്ന സംവിധാനവും ചില ചാനലുകൾ ഉപയോഗിക്കുന്നുണ്ട്.
ലാന്റിങ് പേജിൽ ഒരു ചാനൽ വന്നാൽ റിമോട്ടിലെ ഏതെങ്കിലും ബട്ടൺ അമർത്തിയാൽ മറ്റൊരു ചാനൽ സ്വയം തുറന്നുവരുന്നതാണ് സെക്കന്‍റ് ലാന്റിങ് പേജ് സംവിധാനം. രാജ്യത്ത് ചില കേബിൾ ഓപ്പറേറ്റർമാർ മൂന്ന് ലാൻഡിംഗ് പേജുകൾ വരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ വ്യാപകമായതിനാലാണ് കേന്ദ്രത്തിന്റ പുതിയ നിർദേശം. ലാന്റിങ് പേജ് സ്വന്തമാക്കാൻ ചാനലുകൾ 10 മുതൽ 100 കോടി വരെ ചിലവാക്കുന്നുണ്ടെന്നാണ് കണക്ക്. വാർത്താ ചാനലുകളാണ് ഇതിൽ മുൻപന്തിയിൽ.
കണക്റ്റഡ് ടിവി പ്ലാറ്റ്‌ഫോമുകളെക്കൂടി റേറ്റിങ് പരിധിയിൽ കൊണ്ടുവരുന്നതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ടിവി പ്രേക്ഷകരുടെ കണക്കും റേറ്റിങ്ങിൽ ഉൾപെടുത്തും. ഈ നിർദേശം നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ഇത് നടപ്പാക്കപ്പെട്ടിരുന്നില്ല.
BARCലെ സാമ്പിള്‍ കണക്കുകൾക്ക് പകരം കൃത്യമായി എണ്ണം രേഖപ്പെടുത്തപ്പെടുന്നതിനോട് പല വൻകിട ചാനലുകൾക്കും വിയോജിപ്പുണ്ട്. യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ ആഗോള പ്ലാറ്റ്‌ഫോമുകളും ഏകീകൃത റേറ്റിങ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ നിർദേശം ഇതുവരെ നടപ്പാക്കപ്പെടാതിരിക്കാൻ കാരണം ഇത്തരം സമ്മർദങ്ങളാണ്. കേബിൾ അല്ലെങ്കിൽ ഡിടിഎച്ച് വഴിയുള്ള ടെലിവിഷൻ കാഴ്ച മാത്രമേ ഇപ്പോൾ റേറ്റിങിന് പരിഗണിക്കുന്നുള്ളൂ.
ഭേദഗതി നടപ്പിലായാല്‍ രാജ്യത്തെ നിലവിലെ ടിവി റേറ്റിങിന് നിയന്ത്രിക്കുന്ന ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC) ഇത് നടപ്പാക്കേണ്ടവരും. റേറ്റിങ് ഏജൻസിയുടെ ഘടനയിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്ന നിർദേശങ്ങൾ പുതിയ കരടിലുണ്ട്. 20 ശതമാനത്തിലധികം ഓഹരി ആർക്കും ലഭ്യമാകാത്ത തരത്തിലാണ് ശിപാർശ. ഒന്നിലധികം ഏജൻസികളിൽ ഒരു കമ്പനിയോ വ്യക്തിയോ ഓഹരിയുടമയാകുന്നതും വിലക്കും.
റേറ്റിങ് കണക്കാക്കാന്‍ ചുരുങ്ങിയത് 80,000 മെഷിനുകളെങ്കിലും രാജ്യത്ത് വിന്യസിക്കണമെന്നും ഇത് നാല് വർഷത്തിനകം 1,20,000 വീടുകളാക്കി വർധിപ്പിക്കണമെന്നും കരട് രേഖ ശിപാർശ ചെയ്യുന്നു. 86 ലക്ഷം 'ടി.വി വീടുകളു'ള്ള കേരളത്തിൽ വെറും ആയിരത്തോളം മെഷീനുകൾ മാത്രമാണ് നിലവിൽ സാമ്പിളിങ്ങിന് വിന്യസിച്ചിട്ടുള്ളതെന്നാണ് സൂചന.
ബാർക് റേറ്റിങ്ങിലെ ക്രമക്കേടുകളും അവിശ്വസനീയതയും കാരണം നേത്തെ തന്നെ എൻഡിടിവി ഈ സംവിധാനത്തിൽ നിന്ന് പുറത്തുപോയിട്ടണ്ട്. പിന്നീട് അദാനി ഏറ്റെടുത്ത ശേഷമാണ് എൻഡിടിവി റേറ്റിങ് സമ്പ്രദായത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാഴ്ച മുമ്പാണ് മീഡിയവൺ സമാനമായ പ്രശ്നങ്ങൾ ഉന്നയിച്ച് ബാർക്ക് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. കരട് നിർദേശങ്ങളോട് ടിവി വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ 30 ദിവസത്തിനകം പ്രതികരണം അറിയിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.