Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്താൽ അധിക തീരുവ ചുമത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇത്തരം നടപടി ന്യായീകരിക്കാനാവാത്തതും യുക്തി രഹിതവുമാണ്. രാജ്യസുരക്ഷയും സാമ്പത്തിക സുരക്ഷയും മുൻനിർത്തി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കയും, യൂറോപ്യൻ യൂണിയനും, റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രസ്താവന.
യുക്രൈനിൽ കൊല്ലപ്പെടുന്നവരെക്കുറിച്ച് ഇന്ത്യയ്‌ക്ക് ആശങ്കയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ തീരുവ ഭീഷണി. ഇന്ത്യയ്ക്കുമേല്‍ കഴിഞ്ഞയാഴ്ച 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 25 ശതമാനം തീരുവ ഓഗസ്റ്റ് ഏഴിന് പ്രാബല്യത്തില്‍ വരാനിരിക്കേയാണ് വീണ്ടും ട്രംപിന്റെ വെല്ലുവിളി.
റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ അത് അമിത ലാഭത്തിന് വിപണിയില്‍ വില്‍ക്കുന്നുവെന്നും റഷ്യ എത്രപേരെ യുക്രൈനില്‍ കൊന്നൊടുക്കുന്നുവെന്നത് ഇന്ത്യക്ക് വിഷയമല്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ കേവലം റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, ഓപ്പണ്‍ മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ് വലിയ ലാഭവും നേടുകയാണെന്ന് ട്രംപ് ആരോപിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പ്രത്യേകം പിഴയും ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ്, ഭാരത് പെട്രോളിയം കോർപ്പ്, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡ് എന്നിവ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ ക്രൂഡ് ഓയിൽ ആവശ്യപ്പെട്ടിട്ടില്ല.റോയിട്ടേഴ്സ് റിപ്പോര്‍ട്ടിനോട് റിഫൈനറികളും ഫെഡറൽ എണ്ണ മന്ത്രാലയവും പ്രതികരിച്ചില്ല. റഷ്യയുമായുള്ള ബന്ധം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നാറ്റോയും വ്യക്തമാക്കിയിരുന്നു.