'കരഞ്ഞാലും വീട് ബാക്കിവെക്കില്ല, എതിർത്താൽ പിന്നെ ഞങ്ങളുണ്ടാവില്ല'; അസമിൽ നടക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷം രാജ്യംകണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ

ബംഗാളി മുസ്‌ലിംകളുടെ 3,300 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കലിൽ ഭവനരഹിതരായത്. ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി അതിന് കീഴിലാണ് ഈ കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത്.

Update: 2025-07-13 13:55 GMT

ഗുവാഹതി: ശനിയാഴ്ച രാവിലെ മുതൽ 28കാരനായ റകീബുൽ ഹുസൈൻ തന്റെ വീടിന് പുറത്ത് ഭയത്തോടെ കാത്തിരിക്കുകയായിരുന്നു. അസമിലെ ഗോൾപാറ ജില്ലയിലെ ബിദ്യാപാറയിൽ തന്റെ പിതാവ് നിർമിച്ച വീട് തകർക്കാൻ ബുൾഡോസറുകൾ വരുന്നതായിരുന്നു അവനെ ആശങ്കപ്പെടുത്തിയത്. ഒടുവിൽ രണ്ട് ബുൾഡോസറുകൾ അവന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. ആ നിരയിലെ മറ്റു വീടുകൾ ആദ്യം നിലംപരിശാക്കി.

ഡസൺ കണക്കിന് പൊലീസുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കാവൽ നിൽക്കുമ്പോൾ രാവിലെ 11 മണിയോടെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ റാകിബിന്റെ വീട്ടിൽ കയറി അകത്ത് ആരുമില്ലെന്ന് ഉറപ്പാക്കി. ആദ്യം വീടിന്റെ മേൽക്കൂര തകർത്ത ബുൾഡോസറുകൾ പിന്നാലെ ചുവരുകളും തകർത്തു. അൽപ്പസമയത്തിനകം വീട് പൂർണമായും നിലംപരിശായി. ബുൾഡോസർ അടുത്ത വീട് ലക്ഷ്യമാക്കി നീങ്ങുമ്പോൾ നോക്കിനിൽക്കാനേ റകീബുലിന് കഴിഞ്ഞുള്ളൂ.

Advertising
Advertising



സംസ്ഥാനത്തെ അഞ്ചാമത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോൾ അസമിൽ നടക്കുന്നത്. ശനിയാഴ്ച ഗോൾപാറയിലെ പൈകാൻ റിസർവ് വനമേഖലയിലായിരുന്നു കുടിയൊഴിപ്പിക്കൽ. 140 ഹെക്ടർ വനഭൂമി കയ്യേറിയ 1080 കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് ഈ യജ്ഞം നടത്തിയതെന്ന് ഗോൾപാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മാരിസ്വാമി പറഞ്ഞു.

ധുബ്രി, ലഖിംപൂർ, നൽബാരി, ഗോൾപുര ജില്ലകളിലാണ് ഈ മാസം കുടിയൊഴിപ്പിക്കൽ നടന്നത്. ബംഗാളി മുസ്‌ലിംകളുടെ 3,300 കുടുംബങ്ങളാണ് ഈ കുടിയൊഴിപ്പിക്കലിൽ ഭവനരഹിതരായത്. സർക്കാർ ഭൂമിയും വനഭൂമിയും കയ്യേറിയവരെയാണ് കുടിയൊഴിപ്പിച്ചത് എന്നാണ് സർക്കാർ വിശദീകരണം.

കഴിഞ്ഞ തവണ നടന്നതുപോലെ തന്നെ വലിയ രീതിയിലുള്ള കുടിയൊഴിപ്പിക്കലാണ് ശനിയാഴ്ചയും നടന്നത്. മൊത്തം ഏരിയയെ ആറ് ബ്ലോക്കുകളാക്കി തിരിച്ച് ഓരോ ബ്ലോക്കിലും ആറ് ബുൾഡോസർ വീതം 36 ബുൾഡോസറുകളും നാല് ബുൾഡോസറുകൾ റിസർവ് ആയും ഉണ്ടായിരുന്നു. സായുധ പൊലീസ് കമാൻഡോകളും വന സുരക്ഷാസേനയും അടക്കം ആയിരത്തോളും സുരക്ഷാ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിച്ചിരുന്നു.



''ഞങ്ങളുടെ എല്ലാ സാധനങ്ങളും ഇന്നലെ തന്നെ മാറ്റിയിരുന്നു. എല്ലാം ജാംബാരിയിൽ ബന്ധുക്കളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഇവിടെ തന്നെയാണ് താമസിച്ചത്. ഇന്ന് റോഡിൽ എവിടെയെങ്കിലും ഒരു ടാർപോളിൻ വലിച്ചുകെട്ടി അതിന് കീഴിൽ കഴിയേണ്ടിവരും. അധികൃതർ എന്ത് അനുവദിക്കുമെന്ന് നോക്കാം''- റകീബുൽ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തോളമായി കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ് ഇവിടത്തെ ജനങ്ങൾ കഴിയുന്നത്. ''ജൂൺ 27ന് മുമ്പ് ഒഴിഞ്ഞുപോകണമെന്നാണ് അവർ ഞങ്ങളോട് പറഞ്ഞിരുന്നത്. ജൂൺ 18 മുതൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുള്ള എനൗൺസ്‌മെന്റ് വണ്ടികൾ ദിവസവും രണ്ട് മൂന്ന് തവണ ഇതിലൂടെ കടന്നുപോകും. 20 ദിവസത്തോളമായി പൊലീസും മറ്റു സേനകളും ഇവിടെ റോന്ത് ചുറ്റുകയാണ്. കഴിഞ്ഞ ആഴ്ച ഇത് വർധിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ എല്ലാവരും അവരുടെ വീടുകൾ ഒഴിഞ്ഞ് സാധനങ്ങളെല്ലാം പറ്റുന്ന ഇടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്''- പ്രദേശവാസിയായ ശൈഖ് രാജു അഹമ്മദ് പറഞ്ഞു.

തൊട്ടടുത്തുള്ള ജംബാരി സെറ്റിൽമെന്റിലെ വീടുകൾ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സാധനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഏഴ് കുടുംബങ്ങളുടെ സാധനങ്ങൾ തന്റെ വീട്ടിൽ സൂക്ഷിച്ചതായി ജംബാരി സ്വദേശിയായ സമീഷ് അലി പറഞ്ഞു. അവരുടെ സാധനങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്, പക്ഷേ അവർക്ക് താമസിക്കാൻ ഇവിടെ സ്ഥലമില്ല. അതുകൊണ്ട് അവർ എവിടെയെങ്കിലും ടെന്റ് കെട്ടി താമസിക്കേണ്ടിവരുമെന്നും അവൻ പറയുന്നു.

ഗാരോ വിഭാഗക്കാരിൽ നിന്നാണ് തങ്ങൾ ഭൂമി വാങ്ങിയത് എന്നാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ പറയുന്നത്. കുടിയൊഴിപ്പിക്കലിന് എതിരെ ഹൈക്കോടതിയിൽ നിന്ന് ഒരു സ്‌റ്റേ വാങ്ങാൻ പോലും ഇവർക്ക് കഴിഞ്ഞിട്ടില്ല. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ കോടതി നിർദേശപ്രകാരമാണ് കുടിയൊഴിപ്പിക്കൽ എന്നാണ് ഔദ്യോഗിക വിശദീകരണം.

നേരത്തെ ധൂബ്രിയിൽ കുടിയൊഴിപ്പിക്കലിനിടെ ബുൾഡോസറുകൾക്ക് നേരെ കല്ലെറിഞ്ഞ ആളുകളെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. കഴിഞ്ഞ വർഷം സോനാപൂരിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച രണ്ടുപേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ആളുകൾ വലിയ ഭയത്തോടെയാണ് കഴിയുന്നത്. അതുകൊണ്ടാണ് ശനിയാഴ്ച വലിയ പ്രതിഷേധങ്ങൾ ഇല്ലാതിരുന്നത്. വീട് പൊളിക്കുന്നതിന് മുമ്പ് വീടിന് പുറത്ത് തൂങ്ങിമരിക്കാൻ ശ്രമിച്ച പ്രദേശവാസിയായ ഫൗസുൽ ഹഖ് ആശുപത്രിയിൽ ചികിത്സയിലാണ്.

''ഇവിടെ ആരും പ്രതിരോധിക്കാൻ പോകുന്നില്ല. എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം. നിങ്ങൾ കരഞ്ഞാലും നിങ്ങളുടെ വീട് രക്ഷപ്പെടാൻ പോകുന്നില്ല. നിങ്ങൾ പ്രതിരോധിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ ജീവൻ പോലും നഷ്ടമായേക്കാം. ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല''- ഷാജഹാൻ അലി പറഞ്ഞു.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് കുടിയൊഴിപ്പിക്കൽ ഒരു രാഷ്ട്രീയ ആയുധമാക്കാനാണ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ബിജെപി ശ്രമിക്കുന്നത്. ബംഗാളി മുസ്‌ലിംകൾ ഭൂരിപക്ഷമായ മേഖലയിലാണ് പ്രധാനമായും കുടിയൊഴിപ്പിക്കൽ നടക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കുടിയൊഴിപ്പിക്കപ്പെട്ട മുഴുവൻ ഇന്ത്യൻ പൗരൻമാർക്കും നഷ്ടപരിഹാരം നൽകുമെന്ന് കോൺഗ്രസ് എംപി റകീബുൽ ഹുസൈൻ പറഞ്ഞു.

ശനിയാഴ്ച എഐയുഡിഎഫ് എംഎൽഎമാരുടെ പ്രതിനിധിസംഘം കുടിയൊഴിപ്പിക്കൽ നടന്ന പ്രദേശം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും അധികൃതർ തടയുകയായിരുന്നു. വീടുകൾ പൊളിച്ചതിന് ശേഷവും ജുലൈയിലെ കടുത്ത ചൂടിൽ താമസക്കാർ വീടിന്റെ അവശിഷ്ടങ്ങൾക്കരികിൽ ഇരിക്കുകയാണ്.

''ഞങ്ങളുടെ കയ്യിൽ ഒരു ടാർപോളിൻ ഷീറ്റ് മാത്രമാണുള്ളത്. വൈദ്യുതി ലൈനുകൾ വിച്ഛേദിച്ചു. ജലവിതരണ പൈപ്പുകളും തകർത്തു. ഞങ്ങൾ കുഴിച്ച കിണറുകൾ പൊലും നശിപ്പിച്ചിരിക്കുകയാണ്. ഞങ്ങളുടെ മക്കളെ എങ്ങനെ നോക്കുമെന്ന നോക്കുമെന്ന ആശങ്കയിലാണ് ഞങ്ങൾ''- കുടിയിറക്കപ്പെട്ട മുഫീദുൽ ഇസ്മാഈൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News