യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു
കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയുടെ മൂന്ന് സഹോദരൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു
ബംഗളൂരു: കടുഗൊണ്ടനഹള്ളിയിൽ കുടുംബ തർക്കത്തെ തുടർന്ന് ടെലികോം സ്ഥാപനത്തിലെ സെയിൽസ് എക്‌സിക്യൂട്ടീവായ യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. സംഭവം പുറത്തുവന്നയുടനെ പ്രതികളിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന മുഹമ്മദ് ഷക്കീലാണ്(36) കൊല്ലപ്പെട്ടത്.
12 വർഷം മുമ്പാണ് ഷക്കീൽ റസിയ സുൽത്താനയെ വിവാഹം ചെയ്തത്. കുടുംബ പ്രശ്‌നങ്ങൾ കാരണം അവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. നവംബർ രണ്ടിന് വൈകിട്ട് ഷക്കീലും പിതാവ് മുഹമ്മദ് സമിയുദ്ദീനും വിവാഹമോചന ഒത്തുതീർപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബിലാൽ പള്ളിക്ക് പിന്നിലുള്ള അപ്പാർട്ട്‌മെന്റിലെ റസിയയുടെ സഹോദരന്റെ ഫ്‌ളാറ്റിൽ എത്തി. ചർച്ചക്കിടെ, മകന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി ഒരു അന്തിമ ഒത്തുതീർപ്പ് വേണമെന്ന് സമിയുദ്ദീൻ ആവശ്യപ്പെട്ടു.
ഇത് റസിയയുടെ കുടുംബാംഗങ്ങളെ പ്രകോപിപ്പിക്കുകയും രൂക്ഷമായ തർക്കത്തിലേക്ക് നയിക്കുകയും ചെയ്തു. റസിയയുടെ സഹോദരന്മാർ ഷക്കീലിനെ ആക്രമിക്കുകയും കുഴഞ്ഞുവീണ ഷക്കീലിനെ ഹെൽമെറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷക്കീൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് സമിയുദ്ദീൻ കെ.ജി ഹള്ളി പൊലീസിൽ പരാതി നൽകി. ജബിയുല്ല ഖാൻ, ഇമ്രാൻ ഖാൻ, റസിയ സുൽത്താന, ഫയാസ് ഖാൻ, മുബീന താജ് എന്നിവർക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. റസിയയുടെ സഹോദരന്മാരായ ജബിയുല്ല, ഇമ്രാൻ, ഫയാസ് എന്നിവരാണ് അറസ്റ്റിലായത്.