വീട്ടിലിരുന്ന് പുകയില ഉൽപ്പന്നങ്ങൾ നിർമിച്ച 8000 സ്ത്രീകളെ പറ്റിച്ച് 12 കോടി തട്ടി; മഹാരാഷ്ട്ര സ്വദേശി ഒളിവിൽ
സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളെയാണ് തട്ടിപ്പ് പദ്ധതി പ്രധാനമായും ലക്ഷ്യം വച്ചതെന്ന് ഇരകൾ പറഞ്ഞു.
Photo| Special Arrangement
ബംഗളൂരു: മഹാരാഷ്ട്ര സ്വദേശിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് വീട്ടിലിരുന്ന് പുകയില ഉൽപ്പന്നങ്ങൾ നിർമിച്ച സ്ത്രീകൾക്ക് നഷ്ടമായത് 12 കോടി രൂപ. കർണാടക ബെളഗാവിയിലെ 8000ത്തിലധികം സ്ത്രീകളിൽ നിന്നാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി. അജയ് പാട്ടീൽ എന്നയാൾക്കെതിരെയാണ് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി മുങ്ങി.
വീട്ടിൽനിന്ന് ജോലി ചെയ്ത് സ്ഥിര വരുമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അജയ് പാട്ടീൽ തങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടം സ്ത്രീകൾ ബെളഗാവി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. എംപ്ലോയ്‌മെന്റ് ഐഡി ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞ് ഓരോരുത്തരിൽ നിന്നും 2500 മുതൽ 5000 രൂപ വരെ പിരിച്ചെടുത്തതായി പരാതിയിൽ പറയുന്നു. ചെയിൻ മാർക്കറ്റിങ് മോഡലിൽ രണ്ട് സ്ത്രീകളെ കൂടി റിക്രൂട്ട് ചെയ്യണമെന്ന് അജയ് നിർദേശിച്ചു.
സോളാപൂർ സ്വദേശിയായ ഇയാളുടെ യഥാർഥ പേര് ബാബാസാഹേബ് കോളേക്കർ എന്നാണെന്ന് പൊലീസ് കണ്ടെത്തി. സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളെയാണ് ഈ തട്ടിപ്പ് പദ്ധതി പ്രധാനമായും ലക്ഷ്യം വച്ചതെന്ന് ഇരകൾ പറഞ്ഞു. വീട്ടിൽ നിന്ന് പാക്കേജിങ് ജോലികൾ പൂർത്തിയാക്കുന്നതിന് സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വരുമാനം വാഗ്ദാനം ചെയ്തു.
കൂടുതൽ അംഗങ്ങളെ പദ്ധതിയിലേക്ക് ചേർത്താൽ കൂടുതൽ വരുമാനം നൽകാമെന്ന ഉറപ്പും നൽകി. എന്നാൽ വാഗ്ദാനം ചെയ്ത പണം നൽകാതെ വന്നപ്പോൾ പരാതി നൽകാൻ സ്ത്രീകൾ തീരുമാനിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരിൽ അടുത്തിടെ ഭർത്താവിനെ നഷ്ടപ്പെട്ട് കുടുംബം പോറ്റാൻ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം തേടിയ ലക്ഷ്മി കാംബ്ലെയെന്ന സ്ത്രീയും ഉൾപ്പെടുന്നു.
മറ്റ് സ്ത്രീകളിലൂടെയാണ് ഇവർ ഈ തൊഴിൽ പദ്ധതിയെക്കുറിച്ച് മനസിലാക്കിയത്. ഉപജീവനമാർഗം കണ്ടെത്താമെന്ന പ്രതീക്ഷയിൽ അതിൽ ചേർന്നു. പുകയില സാധനങ്ങൾ വീടുകളിൽ വിതരണം ചെയ്യാൻ തട്ടിപ്പുകാരൻ ഏഴ് ഓട്ടോകൾ വാടകയ്ക്കെടുത്തിരുന്നുവെന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ ഗോവിന്ദ് ലമാനി പറഞ്ഞു. തന്റെ ഭാര്യയും തട്ടിപ്പിന് ഇരയായി. 20,000 രൂപ നഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.