മംഗളൂരുവിൽ 200 കോടിയുടെ തട്ടിപ്പ് കേസ് പ്രതി അറസ്റ്റിൽ
ജപ്പീനമോഗരു സ്വദേശിയായ റോഷൻ സൽദാനയാണ് (45) അറസ്റ്റിലായത്.
മംഗളൂരു: ബിസിനസുകാരിൽ നിന്നും സമ്പന്നരായ വ്യക്തികളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ വ്യാഴാഴ്ച രാത്രി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ജപ്പീനമോഗരു സ്വദേശിയായ റോഷൻ സൽദാനയാണ് (45) അറസ്റ്റിലായത്.
ബിസിനസുകാരനായി വേഷം കെട്ടി മറ്റ് ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും സമ്പന്നരായ വ്യക്തികളെ ലക്ഷ്യമിട്ടാണ് റോഷൻ പ്രവർത്തിച്ചിരുന്നത്. മൂന്ന് മാസത്തിനുള്ളിൽ 45 കോടി രൂപയുടെ ഇടപാടുകൾ ഇയാൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാൾ 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. ജപ്പീനമോഗരുവിലെ തന്റെ ആഡംബര ബംഗ്ലാവിലേക്ക് ഇരകളെ ക്ഷണിക്കുകയും അവിടെ ബിസിനസ് മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുമായിരുന്നു. അഞ്ച് കോടി മുതൽ 100 കോടി വരെയുള്ള ഇടപാടുകൾ ഇയാൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പ്രാഥമിക ചർച്ചകൾക്ക് ശേഷം 50- 100 കോടിയോ അതിൽ കൂടുതലോ സ്റ്റാമ്പ് ഡ്യൂട്ടിയായോ മുൻകൂർ തുകയായോ ഈടാക്കുമായിരുന്നു. ഉദ്ദേശിച്ച തുക ലഭിച്ചുകഴിഞ്ഞാൽ ഒഴിവുകഴിവുകൾ കണ്ടെത്തുകയും ഇരകളുമായുള്ള കൂടുതൽ ഇടപാടുകൾ ഒഴിവാക്കുന്നതായിരുന്നു രീതി. തന്റെ കെണിയിൽ അകപ്പെട്ട വ്യക്തികളിൽ നിന്ന് റോഷൻ 50 ലക്ഷം മുതൽ നാലുകോടി രൂപ വരെ വാങ്ങിയതായി പൊലീസ് പറഞ്ഞു.