മണിപ്പൂരിൽ ആക്രമികൾ കവർന്ന ആയുധങ്ങൾ തിരിച്ചുപിടിക്കാന്‍ പരിശോധന; മെയ്തെയ് മേഖലയിൽ നിന്ന് 1057 ആയുധങ്ങള്‍ പിടിച്ചെടുത്തു

മെയ്തെയ് മേഖലയിൽ നിന്ന് 1057 ആയുധങ്ങളും 14201 വെടിയുണ്ടകളും പിടിച്ചെടുത്തു. കുകി മേഖലയിൽ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്

Update: 2023-08-06 05:32 GMT
Advertising

ഇംഫാല്‍: മണിപ്പൂരിൽ ആക്രമികൾ കവർന്ന ആയുധങ്ങൾ തിരിച്ചുപിടിക്കാൻ നടപടി ശക്തമാക്കി പൊലീസ്. കുകി, മെയ്തെയ് മേഖലകളിൽ പരിശോധന തുടരുകയാണ്.

മെയ്തെയ് മേഖലയിൽ നിന്ന് 1057 ആയുധങ്ങളും 14201 വെടിയുണ്ടകളും പിടിച്ചെടുത്തു. കുകി മേഖലയിൽ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും പിടിച്ചെടുത്തു. ആയുധങ്ങള്‍ ബങ്കറുകളിലാണുള്ളത്. സേനയുടെ സഹായത്തോടെ ആയുധങ്ങള്‍ തീരിച്ചുപിടിക്കുകയാണ് പൊലീസ്.

മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവില്ല. മെയ്തെയ് - കുകി വിഭാഗങ്ങളുടെ അതിർത്തി മേഖലകളിൽ വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

രണ്ടാം ഇന്ത്യാ റിസർവ് ബറ്റാലിയന്റെ ആയുധപുരയിൽ നിന്നും മുന്നൂറിലധികം തോക്കുകളാണ് മെയ്‌തെയ് വിഭാഗം കവർന്നെടുത്തത്. സ്ത്രീകൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ 40 വാഹനങ്ങളിലായി എത്തിയാണ് തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ കടത്തിക്കൊണ്ടു പോയത്. ഇൻഫാൽ - മോറെ ദേശീയപാതയിൽ ആക്രമണം നടത്താനായി ആയിരക്കണക്കിന് പേരാണ് തമ്പടിച്ചിരിക്കുന്നത്.

അതിനിടെ മണിപ്പൂരിൽ നിയമസഭാ സമ്മേളനം ആഗസ്ത് 21ന് ആരംഭിക്കും. മെയിൽ കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് സഭാ സമ്മേളനം നടക്കുന്നത്. സംഘർഷം ആരംഭിച്ചു മൂന്നു മാസം പിന്നിട്ട ശേഷമാണ് നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News