ഇരട്ട വോട്ടർ ഐഡി കാര്‍ഡ്: ബിഹാറിലെ മുസാഫർപൂർ മേയർക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമലംഘനം ചൂണ്ടിക്കാണിച്ച് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.

Update: 2025-08-14 03:44 GMT
Editor : rishad | By : Web Desk

പറ്റ്ന: ഇരട്ട വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശംവെച്ചതിന് മുസാഫർപൂർ മേയർ നിർമ്മല ദേവിക്കും ബന്ധുക്കൾക്കും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നിയമലംഘനം ചൂണ്ടിക്കാണിച്ച് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. രണ്ട് വോട്ടര്‍ ഐഡികളുണ്ടെന്ന് അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മുസാഫർപൂർ മേയർ നിർമ്മല ദേവിക്ക് അയച്ച നോട്ടീസിൽ മുസാഫർപൂർ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇആർഒ) പറയുന്നത്.

ഓഗസ്റ്റ് 16ന് വൈകുന്നേരം 5 മണിക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നും അല്ലാത്ത പക്ഷം നടപടിയെടുക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.  കഴിഞ്ഞ ദിവസമാണ് മേയർക്ക് രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന് തേജസ്വി യാദവ് പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. രണ്ട് വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചതിന് ബിഹാർ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് കുമാർ സിൻഹയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു തേജസ്വി യാദവ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

അതേസമയം തനിക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അത് ലഭിച്ചുകഴിഞ്ഞാൽ, ഞാൻ അതിനനുസരിച്ച് വിശദീകരണം നല്‍കുമെന്നും നിര്‍മ്മല ദേവി പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകാനൊരുങ്ങുകയാണ് നിര്‍മ്മല ദേവിയെന്നാണ് തേജസ്വി യാദവ് പറയുന്നത്. ബിജെപി നേതാക്കൾക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നേടാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിക്കുന്നുണ്ടെന്നും തേജസ്വി യാദവ്  വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News