'ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവും ഓർമിക്കണം, ആമിർഖാൻ മതവികാരം വ്രണപ്പെടുത്തരുത്; പരസ്യവിവാദത്തിൽ മധ്യപ്രദേശ് മന്ത്രി

പ്രഭാസ് നായകനാകുന്ന രാമായണം ആസ്പദമാക്കിയുള്ള 'ആദിപുരുഷി'നെതിരെ കേസ് കൊടുക്കുമെന്ന് മന്ത്രി നരോത്തം മിശ്ര മുമ്പ് പറഞ്ഞിരുന്നു

Update: 2022-10-12 12:44 GMT
Advertising

ഭോപ്പാൽ: മതവികാരം വ്രണപ്പെടുത്തുന്ന പരസ്യങ്ങളിൽ നിന്നും നടപടികളിൽ നിന്നും ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ മാറിനിൽക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ആമിർ ഖാനും കിയാര അദ്വാനിയും അഭിനയിച്ച പരസ്യം വിവാദമായതോടെയാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവും ഓർത്തുകൊണ്ടാകണം ആമിർ ഖാൻ പരസ്യങ്ങളിൽ അഭിനയിക്കേണ്ടതെന്നും മിശ്ര ബുധനാഴ്ച അഭിപ്രായപ്പെട്ടു.

വിവാഹ ശേഷം ഭാര്യ വീട്ടിലേക്ക് എത്തുന്ന നവവരനായിട്ടാണ് ആമിർ പരസ്യത്തിൽ എത്തുന്നത്. വിവാഹ ചടങ്ങിനൊടുവിൽ വീട്ടുകാരുമായി വിടപറയുമ്പോൾ വധൂ വരന്മാരായ  തങ്ങൾ കരയാതിരുന്നത് ആമിറും കിയാരയും ചർച്ച ചെയ്യുന്നതും വീട്ടിൽ എത്തുമ്പോൾ ആമിർ ആദ്യം കയറുന്നതുമാണ് പരസ്യത്തിലുണ്ട്. വീട്ടിലെത്തുമ്പോൾ വധു ആദ്യം കയറുന്നതാണ് പാരമ്പര്യമായി ചെയ്തുവരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി ആദ്യം കയറിയ ആമിറിനോട് 'ഇത്ര വലിയ ചുവടുവെച്ചതിന് നന്ദി'യെന്ന് കിയാര പറയുന്നതും പരസ്യത്തിലുണ്ട്.

'പ്രൈവറ്റ് ബാങ്കിനായി ആമിർ ഖാൻ അഭിനയിച്ച പരസ്യം ഞാൻ കണ്ടു. ഒരു പരാതി ലഭിച്ചതോടെയാണ് ഇത് കണ്ടത്. ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഉൾക്കൊണ്ട് പരസ്യങ്ങളിൽ അഭിനയിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. ഈ രീതി ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ആമിർ ഖാന്റെ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേക മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഈ പ്രവൃത്തികൾ. ഒരാളുടെയും വികാരം വ്രണപ്പെടുത്താൻ അദ്ദേഹത്തിന് അനുവാദമില്ല' മന്ത്രി മിശ്ര പറഞ്ഞു.

ആമിർ ഖാൻ എപ്പോഴും ഹിന്ദു ആചാരങ്ങളെ പരിഹസിക്കുന്ന പരസ്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെന്ന് വേറെ ചിലരും സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചിരുന്നു. ഹിജാബ് ബുർഖ, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് താൽപര്യമില്ലെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. ആചാരങ്ങളിൽ നിന്ന് മാറാൻ നടിമാരെ ആമിർ ബ്രെയിൻ വാഷ് ചെയ്യുന്നെന്നാണ് മറ്റൊരാളുടെ കണ്ടെത്തൽ.

ഇതിനു മുൻപ് ആമിർഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദയ്ക്കെതിരെ ബഹിഷ്‌കരണാഹ്വാനം സജീവമായിരുന്നു. #BoycottLaalSinghChaddha ട്വിറ്ററിൽ ട്രെൻഡിംഗായി മാറിയിരുന്നു. ടോം ഹാങ്ക്‌സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ.

Full View

പ്രഭാസ് നായകനാകുന്ന രാമായണം ആസ്പദമാക്കിയുള്ള 'ആദിപുരുഷി'നെതിരെ കേസ് കൊടുക്കുമെന്ന് മന്ത്രി നരോത്തം മിശ്ര മുമ്പ് പറഞ്ഞിരുന്നു. ഹിന്ദു ദേവീദേവന്മാരുടെ കഥാപാത്രങ്ങളെ യഥാർഥ രീതിയിലല്ല ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി പ്രസ്താവന നടത്തിയിരുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെയാണ് തെറ്റായ രീതിയിലുള്ള ഈ ചിത്രീകരണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കൂടിയായ നരോത്തം മിശ്ര വ്യക്തമാക്കിയിരിക്കുന്നത്.

'ആദിപുരുഷിന്റെ ട്രെയിലർ ഞാൻ കണ്ടു, അതിൽ എതിർക്കപ്പെടേണ്ട രംഗങ്ങളുണ്ട്. ഹിന്ദു ദേവന്മാരുടെ കഥാപാത്രങ്ങളുടെ വസ്ത്രവും രൂപവും യഥാർത്ഥ വിധത്തിലല്ല ആവിഷ്‌കരിച്ചിരിക്കുന്നത്' സംസ്ഥാന സർക്കാറിന്റെ വക്താവ് കൂടിയായ അദ്ദേഹം പറഞ്ഞു.'ഹനുമാൻജി ധരിച്ചിരിക്കുന്നത് ലെതറാണ്. പുരാണങ്ങളിലുള്ള വസ്ത്രധാരണ രീതി ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഈ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുകയാണ്. ഇത്തരം രംഗങ്ങൾ നീക്കം ചെയ്യാൻ ഞാൻ സംവിധായകൻ ഓം റൗത്തിന് കത്തെഴുതും. അവ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും' മിശ്ര വ്യക്തമാക്കി. തന്റെ വാദം ന്യായീകരിക്കാനായി പുരണത്തിലെ ഉദ്ധരണികളും അദ്ദേഹം പറഞ്ഞു. നേരത്തെ 'കാളി' ഡോക്യുമെൻററിയുടെ പോസ്റ്ററിന്റെ പേരിൽ ലീന മണിമേഖലയ്ക്കെതിരെ കേസെടുക്കാൻ മിശ്ര പൊലീസിന് നിർദേശം നൽകിയിരുന്നു.

ശ്രീരാമനായി പ്രഭാസ് അഭിനയിക്കുന്ന ചിത്രം ഓം റൗത്താണ് സംവിധാനം ചെയ്യുന്നത്. സൈഫ് അലി ഖാൻ രാവണനായും ക്രിതി സനൻ സീതയായും അഭിനയിക്കുന്നു. രാമയാണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ആദ്യ ടീസർ-ട്രെയിലർ പുറത്തു വന്നതോടെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

കഴിഞ്ഞ വർഷം ആഗസ്തിൽ ഹൃത്വിക് റോഷൻ അഭിനയിച്ച പരസ്യവും വിവാദമായിരുന്നു. സൊമോറ്റോക്കായി അഭിനയിച്ച പരസ്യം പിന്നീട് പിൻവലിക്കുകയായിരുന്നു. മധ്യപ്രദേശ് മഹാകലേശ്വർ ക്ഷേത്ര പൂജാരിയടക്കം ഈ പരസ്യത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഹിന്ദു വികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം.

Madhya Pradesh Home Minister Narottam Mishra has asked Bollywood superstar Aamir Khan to refrain from advertisements and actions that hurt religious sentiments.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News