Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബംഗളൂരു: ക്ഷേത്രത്തിൽ മകളെ നരബലി നൽകാൻ ശ്രമിച്ച അമ്മ പിടിയിൽ. ബംഗളൂരു തനിസാന്ദ്ര മെയിൻ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. കഴുത്തിനുപിന്നിൽ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബുധനാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. അനേക്കലിൽ താമസിക്കുന്ന സരോജമ്മയാണ് (55) മകൾ രേഖയെ (25) വെട്ടിയത്. ഇരുവരും കഴിഞ്ഞദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു. പ്രാർഥിച്ചുകഴിഞ്ഞപ്പോഴാണ് സരോജമ്മ മകളെ പിന്നിൽനിന്ന് അരിവാൾ ഉപയോഗിച്ച് വെട്ടിയത്. രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ സരോജമ്മയെ പിടിച്ചുമാറ്റുകയായിരുന്നു.
രേഖയും ഭർത്താവും സ്ഥിരമായി വഴക്കടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽവന്ന മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് മകളെ നരബലിനൽകാൻ സരോജമ്മ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ സംശയം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വിവാഹ പ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടുന്നതിനായി രണ്ട് സ്ത്രീകളും അടുത്തിടെ പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നുവെന്നും ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.