'ഇത് ഹിന്ദുസ്ഥാനല്ല, ലിഞ്ചിസ്ഥാൻ'; ഒഡിഷ ആൾക്കൂട്ടക്കൊലയിൽ ജമ്മു കശ്മീർ പിഡിപി നേതാവ് ഇൽതിജ മുഫ്തി
ഒഡിഷയിലെ സാംബൽപൂരിൽ ജോലി ചെയ്തിരുന്ന ജുവൽ ഷെയ്ഖ് റാണ (19)യാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.
ശ്രീനഗർ: ഒഡീഷയിൽ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ രൂക്ഷവിമർശനവുമായി ജമ്മു കശ്മീർ പിഡിപി നേതാവ് ഇൽതിജ മുഫ്തി. രാജ്യം ഹിന്ദുസ്ഥാനോ ഭാരതമോ അല്ല, ലിഞ്ചിസ്ഥാൻ ആണെന്ന് അവർ പറഞ്ഞു. എക്സിലൂടെയാണ് പ്രതികരണം.
'ഇന്ത്യയോ ഭാരതമോ ഹിന്ദുസ്ഥാനോ അല്ല, ലിഞ്ചിസ്ഥാൻ ആണ്'- പോസ്റ്റിൽ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ പറയുന്നു. യുവാവ് കൊല്ലപ്പെട്ടതിന്റെ വാർത്താ പങ്കുവച്ചാണ് ഇൽതിജയുടെ പോസ്റ്റ്. ഒഡിഷയിലെ സാംബൽപൂരിൽ ജോലി ചെയ്തിരുന്ന ജുവൽ ഷെയ്ഖ് റാണ (19)യാണ് കൊല്ലപ്പെട്ടത്. ക്രിസ്മസ് തലേന്ന് നഗരത്തിലെ ശാന്തി നഗർ പ്രദേശത്തെ ഒരു ചായക്കടയിലായിരുന്നു സംഭവം.
യുവാവിന്റെ കൊലപാതകത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നേരത്തെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ബംഗാളി സംസാരിച്ചതിനും ബംഗ്ലാദേശിയാണെന്ന് സംശയിച്ചും യുവാവിനെ കൊലപ്പെടുത്തിയെന്ന് ടിഎംസി സുതി എംഎൽഎ എമാനി ബിശ്വാസ് പറഞ്ഞു.
ബിജെപിക്ക് മുന്നിൽ ബംഗാൾ മുട്ടുകുത്താത്തതിന്റെ പേരിൽ ബംഗാളികൾ എത്ര കാലം ശിക്ഷിക്കപ്പെടുമെന്ന് മുതിർന്ന ടിഎംസി നേതാവും മന്ത്രിയുമായ ശശി പഞ്ച ചോദിച്ചു. ഈ വിദ്വേഷ രാഷ്ട്രീയം എത്ര പേരുടെ ജീവൻ അപഹരിക്കുമെന്നും അവർ ചോദിച്ചു.
ആറ് പേർ കുടിയേറ്റ തൊഴിലാളികളെ സമീപിച്ച് ബീഡി ചോദിക്കുകയും തുടർന്ന് ആധാർ കാർഡുകൾ കാണിക്കാൻ ആവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികൾ
ജുവൽ ഷെയ്ക്കിന്റെ തല കട്ടിയുള്ള വസ്തുവിൽ ഇടിപ്പിക്കുകയായിരുന്നെന്ന് പരിക്കേറ്റ തൊഴിലാളികളിൽ ഒരാളായ മജ്ഹർ ഖാൻ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ബീഡിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും മതവുമായോ ദേശീയതയുമായോ ഇതിന് ബന്ധമില്ലെന്നുമാണ് പൊലീസ് വാദം.