'36 മണിക്കൂറിനിടെ 80 ഡ്രോണുകൾ, നൂർ ഖാൻ വ്യോമത്താവളവും ആക്രമിക്കപ്പെട്ടു'; ഓപ്പറേഷൻ സിന്ദൂറിൽ നാശനഷ്ടമുണ്ടായെന്ന് സമ്മതിച്ച് പാകിസ്താൻ

പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്

Update: 2025-12-28 13:12 GMT

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ സൈനിക കേന്ദ്രങ്ങൾക്കടക്കം നാശനഷ്ടമുണ്ടായെന്നും സൈനികർക്ക് പരിക്കേറ്റെന്നും സമ്മതിച്ച് പാകിസ്ഥാൻ. 36 മണിക്കൂറിൽ 80 ഡ്രോണുകൾ വർഷിക്കപ്പെട്ടെന്നും റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമത്താവളം ആക്രമിക്കപ്പെട്ടെന്നും പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ വെളിപ്പെടുത്തി. അതേസമയം ഇന്ത്യ തൊടുത്ത ഡ്രോണുകളിൽ 79 എണ്ണവും നിർവീര്യമാക്കിയെന്ന അവകാശവാദവും ധർ ഉയർത്തുന്നു. തടുക്കാനാവാതെ പോയ ഒരു ഡ്രോണാണ് സൈനിക കേന്ദ്രത്തിൽ നാശം വിതച്ചതും സൈനികർക്ക് പരിക്കേൽപ്പിച്ചതുമെന്നാണ് വാദം.

ഓപ്പറേഷൻ സിന്ദൂറിനെതിരെ തിരിച്ചടിക്കുന്നതിനായി പാക്കിസ്താന്റെ സിവിൽ- മിലിട്ടറി നേതൃത്വം യോഗം ചേർന്നിരുന്നുവെന്നും അതിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നുവെന്നും ധർ വെളിപ്പെടുത്തി. മേയ് 10ന് പുലർച്ചെ നൂർ ഖാൻ വ്യോമത്താവളം ആക്രമിച്ചുകൊണ്ട് ഇന്ത്യ തെറ്റു ചെയ്തുവെന്നായിരുന്നു ധർ ആരോപിച്ചത്. റാവൽപ്പിണ്ടിയിൽ സ്ഥിതി ചെയ്യുന്ന നൂർ ഖാൻ പാകിസ്താന്റെ തന്ത്രപ്രധാന വ്യോമത്താവളമാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നൂർ ഖാൻ വ്യോമത്താവളം ആക്രമിച്ചെന്ന് ഇന്ത്യ തെളിവുസഹിതം നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പാകിസ്താൻ അംഗീകരിച്ചിരുന്നില്ല. സർഗോധ, റാഫിഖ്വി, ജക്കോബബാദ്, മുരിദ്‌കെ വ്യോമത്താവളങ്ങളും ഇതിന് പുറമെ ഇന്ത്യ ആക്രമിച്ചിരുന്നു.

Advertising
Advertising

ധറിന്റെ തുറന്നുപറച്ചിലോടെ സൈനിക നടപടിയെ കുറിച്ചുള്ള ഇന്ത്യൻ വാദങ്ങൾ പാകിസ്താനും അംഗീകരിച്ചിരിക്കുകയാണ്. പാക് വിദേശകാര്യമന്ത്രി കള്ളം പറയുന്നവനാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നായിരുന്നു ഇതിനോട് റിട്ട.ലഫ്റ്റനൻറ് ജനറൽ കെജെഎസ് ധില്ലൻറെ പ്രതികരണം. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. ഇതിന് പിന്നാലെ അതിർത്തിയിൽ പാകിസ്താൻ ഇന്ത്യക്ക് നേരെ ആക്രമണം നടത്തി. ഇതോടെയാണ് പാക് വ്യോമത്താവളങ്ങളിലേക്ക് ഇന്ത്യ ബ്രഹ്മോസ് ഉൾപ്പടെയുള്ളവ പ്രയോഗിച്ചത്.

നൂർ ഖാൻ വ്യോമത്താവളം ആക്രമിക്കപ്പെട്ടതായി മേയ് പത്തിന് പുലർച്ചെ രണ്ടരയോടെ തന്നെ പാക് സൈനിക മേധാവിയായ അസിം മുനീർ വിളിച്ചറിയിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പാക് വ്യോമത്താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News