ക്ഷേത്രത്തിലേക്ക് പോയ വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്
മംഗളൂരു: ക്ഷേത്രദർശനത്തിനായി പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം ഗെരുക്കാട്ടെ സാംബോല്യ ബാരമേലുവിലെ കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. ഇതിന് പിന്നിൽ ആരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ഗെരുക്കാട്ടെ ബാരമേലു നിവാസി സുബ്രഹ്മണ്യ നായിക്കിന്റെ മകനുമായ സുമന്താണ് (15) ബുധനാഴ്ച മരിച്ചത്. ധനുമാസത്തിലെ പ്രത്യേക ആചാരങ്ങളുടെ ഭാഗമായി എല്ലാ ദിവസവും അതിരാവിലെ ഉണർന്ന് സുമന്ത് നാലയിലെ ദുർഗാപരമേശ്വരി ക്ഷേത്രം പതിവായി സന്ദർശിച്ചിരുന്നു. ധനുസംക്രമണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ക്ഷേത്രത്തിൽ പോകാൻ പുലർച്ചെ നാലരയോടെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിൽ ഏകദേശം 500 മീറ്റർ അകലെയുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചതായിരിക്കാമെന്നാണ് ആദ്യം പ്രചരിച്ചത്. ബെൽത്തങ്ങാടി അഗ്‌നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും അടുത്തുള്ള തടാകത്തിൽ നടത്തിയ തിരച്ചിലിലാണ് സുമന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കണ്ട മുറിവുകളുടെ പാടുകൾ കുളത്തിൽ വീണപ്പോൾ സംഭവിച്ചതാവാം എന്നായിരുന്നു സംശയം. മംഗളൂരു ജില്ലാ വെൻലോക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയിൽ മൂന്ന് ശക്തമായ അടിയേറ്റതായി കണ്ടെത്തി. ശക്തമായ അടിയിൽ തലയോട്ടി തകർന്നിട്ടുണ്ട്. അടിച്ചു ബോധം കെടുത്തി തടാകത്തിൽ തള്ളിയതാണെന്നാണ് സംശയിക്കുന്നത്. അന്വേഷണത്തിനായി ബെൽത്തങ്ങാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘം രൂപീകരിച്ചു.