ഉത്തരാഖണ്ഡിൽ വിവാഹം കഴിക്കാനെത്തിയ ദലിത് ദമ്പതികൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു; പൂജാരിക്കെതിരെ കേസ്

അങ്കിത-അജയ് ദമ്പതികൾക്കാണ് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്

Update: 2025-03-20 14:27 GMT
Editor : Jaisy Thomas | By : Web Desk

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവാഹം കഴിക്കാനെത്തിയ ദലിത് ദമ്പതികൾക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ച പൂജാരിക്കെതിരെ കേസ്. ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലാണ് സംഭവം. ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് വധുവിന്‍റെ പിതാവ് മാർച്ച് 12 ന് പരാതി നൽകിയതിനെത്തുടർന്ന് എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി മണിയാർസ്യുൻ പ്രദേശത്തെ റവന്യൂ പൊലീസ് പറഞ്ഞു.

അങ്കിത-അജയ് ദമ്പതികൾക്കാണ് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്. സംഗുഡ സെറ ഗ്രാമത്തിലെ ആദിശക്തി മാ ഭുവനേശ്വരി ക്ഷേത്രത്തിലാണ് സംഭവം. മാർച്ച് 5 ന് രാവിലെ ദമ്പതികൾ സമീപിച്ചപ്പോൾ പുരോഹിതൻ നാഗേന്ദ്ര സെൽവാൾ ജാതീയമായി അധിക്ഷേപിച്ചതായി സബ് ഇൻസ്പെക്ടർ രാകേഷ് ബിഷ്ത് പറഞ്ഞു. അങ്കിതയ്ക്കും അജയ്യ്ക്കും കൃത്യസമയത്ത് വിവാഹം കഴിക്കാൻ കഴിയാത്തതിനാൽ പ്രദേശത്തെ ആളുകൾക്ക് ഇടപെടേണ്ടി വന്നുവെന്ന് ബിഷ്ത് പറഞ്ഞു. "പ്രദേശത്തുള്ള ഒരാൾ എന്നെ വിളിച്ച് ക്ഷേത്രത്തിന്‍റെ വാതിലുകൾ കൊട്ടിയടച്ചുവെന്നും ജാതി പറഞ്ഞ് ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചെന്നും പറഞ്ഞു. ഞാൻ സെൽവാളിനെ വിളിച്ച് അവരെ അകത്തേക്ക് കടത്തിവിടാൻ ആവശ്യപ്പെട്ടു," എസ്‌ഐ പറഞ്ഞു.

Advertising
Advertising

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം അങ്കിതയുടെ പിതാവ് നകുൽ ദാൽ റവന്യൂ പൊലീസിൽ പരാതി നൽകുകയും സെൽവാളിനും കൂട്ടാളിയായ നിതീഷ് ഖേദിയാലിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്ന് ബിഷ്ത് പറഞ്ഞു. വിവാഹങ്ങൾ നടത്തുന്ന യാഗശാല ഒരിക്കലും പകൽ സമയത്ത് പൂട്ടിയിടാറില്ലെന്ന് ഗ്രാമവാസിയായ നിതിൻ കൈന്തോള പറഞ്ഞു. '' സംഭവദിവസം ദമ്പതികൾ അവിടെയെത്തിയപ്പോൾ യാഗശാല പൂട്ടിയിരിക്കുന്നത് കണ്ടു. പുരോഹിതൻ അവരെ അകത്തുകടക്കാൻ അനുവദിച്ചില്ല. പാവപ്പെട്ട കുടുംബമായതുകൊണ്ടാണ് അവിടെ വച്ച് വിവാഹം നടത്താൻ ആഗ്രഹിച്ചത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രേഖ ആര്യയ്ക്കും പരാതി നൽകി, അദ്ദേഹം റവന്യൂ പൊലീസിനോട് വിഷയം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് റെഗുലര്‍ പൊലീസിന് കൈമാറുകയായിരുന്നു. "ക്ഷേത്ര ഉടമകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലാണ് തർക്കം ഉടലെടുത്തത്. ഇതിൽ ജാതിപരമായ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്," എന്ന് പൗരി സദറിലെ സർക്കിൾ ഓഫീസർ ത്രിവേന്ദ്ര സിംഗ് റാണ പറഞ്ഞു.

2023 ജനുവരിയിൽ ഉത്തരകാശിയിലെ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ഒരു ദലിത് യുവാവിന് ആക്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ദലിതർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെയും മതസ്ഥലങ്ങളുടെയും പട്ടിക അന്വേഷിച്ച് സമർപ്പിക്കാൻ സംസ്ഥാന പട്ടികജാതി കമ്മീഷൻ 13 ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ അത്തരം രീതികൾ നിലവിലില്ലെന്ന് എല്ലാ ജില്ലകളും റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News