'താങ്കൾ പ്രധാനമന്ത്രിപദത്തിൽ ഇരുന്നത്ര കാലം നെഹ്‌റു ജയിലിൽ കിടന്നിട്ടുണ്ട്'; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക

നെഹ്‌റുവിനെ അധിക്ഷേപിക്കുന്നവരുടെ ഒരു ലിസ്റ്റുണ്ടാക്കി അക്കാര്യത്തിൽ മോദിക്ക് ഇഷ്ടമുള്ളത്ര സമയം പാർലമെന്റിൽ സംവാദം നടത്താൻ കോൺഗ്രസ് ഒരുക്കമാണെന്ന് പ്രിയങ്ക പറഞ്ഞു. നെഹ്‌റുവിന്റെ കാര്യത്തിൽ ഒരു തീർപ്പ് വരുത്തിയിട്ട് തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാമെന്നും പ്രിയങ്ക പരിഹസിച്ചു

Update: 2025-12-09 11:09 GMT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി പ്രധാനമന്ത്രി പദത്തിലിരുന്നത്ര കാലത്തോളം ജവഹർലാൽ നെഹ്‌റു സ്വാതന്ത്ര്യസമരക്കാലത്ത് ജയിലിൽ കിടന്നിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായുള്ള ചർച്ചക്കിടെ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അവർ.

മോദി 12 വർഷമായി പ്രധാനമന്ത്രിയാണ്. നെഹ്‌റു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് ഇത്രയും കാലം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി. നിങ്ങൾ അദ്ദേഹത്തെ കടന്നാക്രമിക്കുന്നു. പക്ഷേ, അദ്ദേഹം ഐഎസ്ആർഒ സ്ഥാപിച്ചില്ലായിരുന്നെങ്കിൽ നിങ്ങൾക്ക് മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. ഡിആർഡിഒ തുടങ്ങിയിട്ടില്ലായിരുന്നെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഐഐഎമ്മകളും ഐഐടികളും സ്ഥാപിച്ചില്ലായിരുന്നെങ്കിൽ ഐടി രംഗത്തെ കുതിപ്പുണ്ടാവുമായിരുന്നില്ല. നെഹ്‌റു എയിംസ് തുടങ്ങിയില്ലായിരുന്നെങ്കിൽ കോവിഡിനെ എങ്ങനെ പ്രതിരോധിക്കുമായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു.

Advertising
Advertising

രാജ്യത്തിനായി ജീവിച്ച് രാജ്യത്തെ സേവിച്ച് മരിച്ച വ്യക്തിയാണ് നെഹ്‌റു. സ്വാതന്ത്ര്യസമരക്കാലത്ത് ഒമ്പത് തവണ, 32000 ദിവസത്തിലധികം ഏതാണ്ട് ഒമ്പത് വർഷത്തിനടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. നെഹ്‌റുവിനെ അധിക്ഷേപിക്കുന്നവരുടെ ഒരു ലിസ്റ്റുണ്ടാക്കി അക്കാര്യത്തിൽ മോദിക്ക് ഇഷ്ടമുള്ളത്ര സമയം പാർലമെന്റിൽ സംവാദം നടത്താൻ കോൺഗ്രസ് ഒരുക്കമാണെന്ന് പ്രിയങ്ക പറഞ്ഞു. നെഹ്‌റുവിന്റെ കാര്യത്തിൽ ഒരു തീർപ്പ് വരുത്തിയിട്ട് തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാമെന്നും പ്രിയങ്ക പരിഹസിച്ചു. പ്രിയങ്കയുടെ പ്രസംഗത്തെ കരഘോഷത്തോടെയാണ് പ്രതിപക്ഷം വരവേറ്റത്.

ഏത് പ്രശ്‌നത്തിലും നെഹ്‌റുവിന്റെ പേര് വലിച്ചിഴക്കുന്നത് പ്രധാനമന്ത്രി ഒരു ശൈലിയായി സ്വീകരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. ചരിത്രത്തെ തിരുത്തിയെഴുതാനും പരിഷ്‌കരിക്കാനുമാണ് മോദി ശ്രമിക്കുന്നത്. 'ഓപ്പറേഷൻ സിന്ദൂർ' ചർച്ചയിൽ നെഹ്‌റുവിന്റെ പേര് 14 തവണയും കോൺഗ്രസ് എന്ന് 50 തവണയുമാണ് മോദി പരാമർശിച്ചത്. ഭരണഘടനയുടെ 75-ാം വാർഷികത്തിലെ ചർച്ചയിൽ നെഹ്‌റുവിന്റെ പേര് 10 തവണയും കോൺഗ്രസ് എന്ന് 26 തവണയും പരാമർശിച്ചു. ബിജെപി എത്ര ശ്രമിച്ചാലും നെഹ്‌റുവിന്റെ സംഭാവനകളിൽ ഒരു ചെറിയ കളങ്കമെങ്കിലും വരുത്താൻ കഴിയില്ലെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News