'രാഹുൽ ഗാന്ധി രാഷ്ട്രീയ പക്വത കാണിക്കുന്നു, മോദിയെയും ബിജെപിയേയും നേരിട്ട് തന്നെ വെല്ലുവിളിക്കുന്നു': ഡി.രാജ

''വോട്ട് തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി വിശദീകരിച്ചു. മഹാരാഷ്ട്രയിലേയും മറ്റ് നിരവധി സംസ്ഥാനങ്ങളിലെയും ഉദാഹരണങ്ങൾ അദ്ദേഹം എടുത്തുകാണിച്ചു''

Update: 2025-09-27 05:38 GMT
Editor : rishad | By : Web Desk

ഡി.രാജ-ഫോട്ടോ| PTI

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി സമർത്ഥനായ രാഷ്ട്രീയക്കാരനായി വളർന്നുവരികയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അദ്ദേഹം ഇപ്പോള്‍ രാഷ്ട്രീയ പക്വത പ്രകടിപ്പിക്കുന്നു, വൈകാരിക വിഷയങ്ങള്‍ ഏറ്റെടുക്കുന്നു, ബിജെപിയെയും പ്രധാനമന്ത്രി മോദിയേയും നേരിട്ട് വെല്ലുവിളിക്കുന്നുവെന്നും ഡി. രാജ പറഞ്ഞു.

സിപിഐയുടെ അമരക്കാരനായി മൂന്നാമതും തെരഞ്ഞെടുത്തതിന് പിന്നാലെ ദി ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചണ്ഡീ​ഗഡിൽ ചേർന്ന പാർടി കോൺ​ഗ്രസിലാണ് ഡി. രാജയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Advertising
Advertising

അടുത്തിടെ രാഹുല്‍ ഗാന്ധി ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. അവിടെ വോട്ട് തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. മഹാരാഷ്ട്രയിലേയും മറ്റ് നിരവധി സംസ്ഥാനങ്ങളിലെയും ഉദാഹരണങ്ങൾ അദ്ദേഹം എടുത്തുകാണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ പാർട്ടികളെയും ദേശീയതലത്തിൽ നയിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഇന്‍ഡ്യ' സഖ്യത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് രാഹുല്‍ ഗാന്ധിയെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം വളരെ സജീവമാണെന്നും പ്രധാന വിഷയങ്ങൾ ഏറ്റെടുക്കുന്നുവെന്നും ഡി രാജ മറുപടി പറഞ്ഞു.

വിശാലമായ പ്രതിപക്ഷ ഐക്യത്തിന് ഇനിയും വെല്ലുവിളികളുണ്ടെന്നും ഡി രാജ വ്യക്തമാക്കി. 'തെരഞ്ഞെടുപ്പ് സമയത്ത് സീറ്റ് വിഭജനം ഒരു പ്രധാന പ്രശ്നമാണ്. 'ഇന്‍ഡ്യ' സഖ്യത്തിന് കീഴിൽ മത്സരിക്കുന്ന പാർട്ടികൾക്കിടയിൽ പരസ്പര വിശ്വാസവും സഹവർത്തിത്വവും ഉണ്ടായിരിക്കണം. നിർഭാഗ്യവശാൽ, ഹരിയാന, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് യാഥാർത്ഥ്യമായിട്ടില്ല. സീറ്റ് വിഭജനം ഗുരുതരമായ ഒരു ആശങ്കയാണ്'- അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ സിപിഐ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാണെന്നും ഡി.രാജ കൂട്ടിച്ചേര്‍ത്തു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News