ഹിന്ദു ജാഗരൺ വേദികെ നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്
സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് നടപടി.
Update: 2025-09-28 14:47 GMT
മംഗളൂരു: ഹിന്ദു ജാഗരൺ വേദികെ നേതാവ് സമിത് രാജിനെതിരെ ലൈംഗികാതിക്രമത്തിനും ഭീഷണിക്കും കേസ്. തന്റെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി തുടർച്ചയായി മർദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് ബാജ്‌പെ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ 15 ദിവസമായി രാജ് തന്നെ ഉപദ്രവിച്ചുവരികയാണെന്നും ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പരാതിയുടെയും പ്രഥമദൃഷ്ട്യായുള്ള തെളിവുകളുടേയും അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ് സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.