ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

ഹിന്ദിവത്കരണത്തിന്റെ ഭാഗമായി ഹിന്ദിയിലുള്ള എംബിബിഎസ് ഒന്നാം വർഷ പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ പ്രകാശനം ചെയ്തിരുന്നു.

Update: 2022-10-18 11:03 GMT

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. എല്ലാ ഭാഷകളെയും തുല്യമായി കാണണമെന്ന് കേന്ദ്ര സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ പ്രമേയം പാസാക്കിയത്.

ഹിന്ദി പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷയും സംസ്‌കാരവുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതക്ക് ഹാനികരമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. ഭരണഘടനയുടെ ഫെഡറൽ തത്ത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേയാവതരണത്തിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ വാക്കൗട്ട് നടത്തി.

Advertising
Advertising

ഉന്നത വിദ്യാഭ്യാസരംഗത്ത് ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഹിന്ദിവത്കരണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഹിന്ദിവത്കരണത്തിന്റെ ഭാഗമായി ഹിന്ദിയിലുള്ള എംബിബിഎസ് ഒന്നാം വർഷ പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ പ്രകാശനം ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News