അലി​ഗഢ് സർവകലാശാലാ ക്യാംപസിൽ അധ്യാപകനെ വെടിവച്ച് കൊന്നു

മെച്ചപ്പെട്ട സുരക്ഷയാണ് യുപിയിലുള്ളതെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം.

Update: 2025-12-25 09:30 GMT

ലഖ്നൗ: അലി​ഗഢ് സർവകലാശാലാ ക്യാംപസിൽ സ്കൂൾ അധ്യാപകനെ അജ്ഞാതർ വെടിവച്ച് കൊന്നു. എബികെ ഹൈസ്കൂൾ കംപ്യൂട്ടർ സയൻസ് അധ്യാപകൻ റാവു ഡാനിഷ് അലിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 8.50ഓടെ രണ്ട് സഹപ്രവർത്തകർക്കൊപ്പം ക്യാംപസിലൂടെ നടക്കവെ സ്കൂട്ടറിലെത്തിയ രണ്ട് പേർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും വെടിവയ്ക്കുകയുമായിരുന്നു.

മൂന്ന് വെടിയുണ്ടകളേറ്റതിൽ രണ്ടെണ്ണവും തലയ്ക്കായിരുന്നു. ഉടൻ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സർവകലാശാലയുടെ സെൻട്രൽ ലൈബ്രറിക്ക് സമീപമായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം രക്ഷപെട്ട പ്രതികളെ പിടികൂടാനായി പൊലീസുകാരുടെ ആറ് സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും കൊലപാതകത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും പൊലീസ് സൂപ്രണ്ട് നീരജ് ജാഡൻ പറ‍ഞ്ഞു.

Advertising
Advertising

'സർവകലാശാലാ ലൈബ്രറിക്കടുത്ത് ഒരാൾക്ക് വെടിയേറ്റതായി രാത്രി ഒമ്പതുമണിയോടെയാണ് ‍ഞങ്ങൾക്ക് വിവരം ലഭിച്ചത്. എബികെ സ്കൂളിലെ അധ്യാപകനായ ഡാനിഷ് റാവുവിനാണ് വെടിയേറ്റതെന്ന് പിന്നീട് അറിഞ്ഞു. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു'- യൂണിവേഴ്സിറ്റി പ്രോക്ടർ വാസിം അലി പറഞ്ഞു.

'നിനക്കെന്നെ അറിയില്ല, ഇനി അറിയും'- എന്ന് വെടിവയ്ക്കുന്നതിന് തൊട്ടുമുമ്പ് അക്രമികളിൽ ഒരാൾ ഡാനിഷിനോട് പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥി കൂടിയാണ് കൊല്ലപ്പെട്ട ഡാനിഷ് അലി. പിതാവ് പ്രൊഫസർ ഹിലാലും മാതാവും എഎംയുവിൽ നിന്ന് വിരമിച്ച ജീവനക്കാരാണ്. സർവകലാശാലയുമായി ദീർഘകാല ബന്ധമുള്ള കുടുംബമാണ് ഡാനിഷിന്റേത്. 

മെച്ചപ്പെട്ട സുരക്ഷയാണ് യുപിയിലുള്ളതെന്നും അത്തരമൊരു അന്തരീക്ഷം കാരണം സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നത് കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് അധ്യാപകൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകം സർവകലാശാലാ ക്യാംപസിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News