പഹൽ​ഗാം ഭീകരാക്രമണം: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎൻ

ഭീകരാക്രമണത്തെ യുഎൻ ശക്തമായി അപലപിക്കുന്നതായി സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ഡുജാറിക് പറ‍ഞ്ഞു.

Update: 2025-04-25 05:27 GMT

ജനീവ: ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും പരസ്പരം നടപടികൾ കടുപ്പിച്ചിരിക്കെ ഇടപെട്ട് ഐക്യരാഷ്ട്ര സംഘടന. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും സ്ഥിതി​ഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യുഎൻ നിർദേശിച്ചു.

യുഎൻ‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായും ആശങ്കയോടെയും നിരീക്ഷിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. ഏപ്രിൽ 22ന് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ യുഎൻ ശക്തമായി അപലപിക്കുന്നതായി സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ഡുജാറിക് വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

Advertising
Advertising

ഇരു രാജ്യങ്ങളിലെ സർക്കാരുകളുമായി ഗുട്ടെറസ് നേരിട്ട് ബന്ധപ്പെട്ടിട്ടില്ല, എന്നാൽ അദ്ദേഹം സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായും ആശങ്കയോടെയും നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യ, പാകിസ്താൻ സർക്കാരുകളോട് പരമാവധി സംയമനം പാലിക്കാനും സ്ഥിതിഗതികളും സംഭവവികാസങ്ങളും കൂടുതൽ വഷളാകുന്നില്ലെന്ന് ഉറപ്പാക്കാനും സെക്രട്ടറി ജനറൽ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്- ​ഡുജാറിക് വിശദമാക്കി.

'പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഏതൊരു പ്രശ്‌നവും അർഥവത്തായ പരസ്പര ഇടപെടലിലൂടെ സമാധാനപരമായി പരിഹരിക്കപ്പെടാവുന്നതും പരിഹരിക്കപ്പെടേണ്ടതുമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു'- ഡുജാറിക് കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികൾ ഇന്ത്യ കടുപ്പിച്ചിരുന്നു. സിന്ധു നദീജല കരാർ മരവിപ്പിക്കുകയും പാക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യ വിടണമെന്ന് നിർദേശിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ, പാക് പൗരന്മാർക്ക് ഇനി വിസ അനുവദിക്കില്ലെന്നും വ്യക്തമാക്കി. പാകിസ്താനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചു. ഹൈക്കമ്മീഷനുകളുടെ മൊത്തത്തിലുള്ള അംഗബലം നിലവിലുള്ള 55ൽ നിന്ന് 30 ആയി കുറയ്ക്കാനും കേന്ദ്ര മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

ഇന്ത്യയിലെ പാകിസ്താൻ ഉദ്യോഗസ്ഥരും മടങ്ങിപ്പോകണമെന്നും കേന്ദ്രം നിർദേശിച്ചു. ഇസ്‌ലാമാബാദിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. അട്ടാരി അതിർത്തി അടച്ചു. സാധുവായ രേഖകൾ ഉള്ളവർക്ക് മെയ് ഒന്നിന് മുമ്പ് അതുവഴി മടങ്ങാം. പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിക്കുകയും ചെയ്തു. ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്.

ഇതിനു മറുപടിയായി ഇന്ത്യക്കെതിരെ പാകിസ്താനും നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്താൻ വ്യക്തമാക്കി. വാഗാ അതിർത്തി അടയ്ക്കാനും ഷിംല കരാർ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവയ്ക്കാനും വ്യാഴാഴ്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിൽ തീരുമാനിച്ചു. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്താൻ റദ്ദാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30ആയി കുറച്ചു.

ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പഹല്‍ഗാമില്‍ ഉച്ചയോടെയാണ് ഭീകരര്‍ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഔദ്യോഗിക കണക്ക് പ്രകാരം മലയാളിയടക്കം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15ലധികം പേര്‍ക്ക് പരിക്കേറ്റു.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News